തിരുവനന്തപുരം: മാതാപിതാക്കള്‍ ഉപേക്ഷിക്കുകയോ മരണപ്പെടുകയോ ചെയ്തതിനെ തുടര്‍ന്ന് ശിശുക്ഷേമ സമിതിയില്‍ അഭയം തേടിയെത്തുന്ന കുഞ്ഞുമക്കളോട് ആയമാര്‍ ചെയ്യുന്ന ക്രൂരത വിവരിച്ച് ശിശുക്ഷേമ സമിതിയിലെ മുന്‍ ആയ. മൂന്ന്, നാല് വയസ്സുകാരായ കുട്ടികളെ വരെ ഇത്തരത്തില്‍ ഉപദ്രവിക്കുന്നുണ്ട്. കുഞ്ഞുമക്കളുടെ ജനനേന്ദ്രിയത്തിലടക്കം ഉപദ്രവിക്കുന്നതായും സി.സി.ടി.വി നിരീക്ഷണം ഇല്ലാത്ത സ്ഥലങ്ങളില്‍ വെച്ച് മര്‍ദിക്കുന്നതായും ഇവര്‍ പറഞ്ഞു.
കുട്ടികളെ കുളിപ്പിക്കുമ്പോള്‍ ആയമാര്‍ ഉള്ളംകാലില്‍ നുള്ളി വേദനിപ്പിക്കും. ഉറക്കത്തില്‍ മൂത്രം ഒഴിക്കുന്ന കുട്ടികളെ സ്ഥിരമായി ഉപദ്രവിക്കും. ജനനേന്ദ്രിയത്തില്‍ ഉപദ്രവിക്കുന്നതടക്കം പതിവ് കാഴ്ചയാണ്.എപ്പോഴും വയറിളക്കമുള്ള ബുദ്ധിമാന്ദ്യമുള്ള കുട്ടിയുടെ ജനനേന്ദ്രിയത്തിനോട് ചേര്‍ന്ന് ചീര്‍പ്പ് കൊണ്ട് തുടര്‍ച്ചയായി അടിച്ചു. ഈ കുഞ്ഞ് തന്നോട് ഇതേക്കുറിച്ച് പരാതി പറഞ്ഞിരുന്നു. അടികിട്ടിയ ഭാഗത്ത് ചീര്‍പ്പിന്റെ പാട് കാണാമായിരുന്നു. അന്ധരായ കുട്ടികളെ മാനസികമായി പീഡിപ്പിക്കുമായിരുന്നു.
കുട്ടികളെ ഉപദ്രവിച്ചതിന് നടപടി നേരിട്ട് പുറത്തുപോകുന്നവര്‍ അതുപോലെ തിരിച്ചുകയറും. കുട്ടികളെ ഉപദ്രവിക്കുന്നതിനെ കുറിച്ച് പരാതി പറയുന്ന ആയമാര്‍ ഒറ്റപ്പെടുന്ന അവസ്ഥയാണെന്നും ഇവര്‍ പറഞ്ഞു. ഇപ്പോള്‍ രണ്ടര വയസ്സുകാരിയെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ പ്രതികള്‍ ആയവര്‍ നേരത്തെയും സമാന കുറ്റം ചെയ്തിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞാല്‍ താത്കാലികമായി ഇവരെ പുറത്താക്കും. പാര്‍ട്ടി ഇടപെട്ട് പിന്നീട് വീണ്ടും നിയമനം നല്‍കുമെന്നും മുന്‍ ആയ പറഞ്ഞു.
അതേസമയം, കുട്ടിയെ ഉപദ്രവിച്ച മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ശാസ്ത്രീയ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ ഉപദ്രവിച്ച കാര്യം അധികൃതരെ അറിയിക്കാതെ ഒരാഴ്ചയാണ് ആയമാര്‍ മറച്ച് വെച്ചത്. ഒരാഴ്ച കഴിഞ്ഞ് ഡ്യൂട്ടിക്കെത്തിയ മറ്റൊരു ആയയാണ് വിവരം പുറത്തറിയിച്ചത്. കുഞ്ഞിന് ഒരു പണി കൊടുത്തുവെന്ന രീതിയില്‍ ആയമാര്‍ ഇതേക്കുറിച്ച് പരസ്പരം പറഞ്ഞിരുന്നു.
ഈ കുട്ടിയെ കാര്യമായി കൈകാര്യം ചെയ്തതായി പ്രധാന പ്രതി അജിത കഴിഞ്ഞ മാസം 24 ന് ഒരു വിവാഹ വേദിയില്‍ വെച്ച് ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞിരുന്നു. ഇത്‌കേട്ട് സന്തോഷിച്ചതല്ലാതെ ഉപദ്രവം തടയാനോ റിപ്പോര്‍ട്ട് ചെയ്യാനോ ഒപ്പമുണ്ടായിരുന്ന സിന്ധുവും മഹേശ്വരിയും തയ്യാറായില്ല. ഒരാഴ്ചയോളം വിവരം ഇവര്‍ മറച്ചുവെച്ചു.
ഒരാഴ്ച കഴിഞ്ഞ് ഡ്യൂട്ടിക്കെത്തിയ ആയയാണ് മര്‍ദനത്തിനിരയായ കുഞ്ഞിന്‍ന്റെ സ്വകാര്യ ഭാഗത്തെ മുറിവുകള്‍ അടക്കം അധികൃതരോട് റിപ്പോര്‍ട്ട് ചെയ്യുന്നത്. അപ്പോഴേക്കും ഒരാഴ്ച പിന്നിട്ടിരുന്നു. സ്വകാര്യഭാഗത്തും പിന്‍ഭാഗത്തും കൈക്കും മുറിവുകളോടെയാണ് തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച കുഞ്ഞിനെ ചികിത്സക്കായി കൊണ്ടുപോയത്.
ക്രൂരമായി മുറിവേറ്റുവെന്ന് ഡോക്ടറും അറിയിച്ചതിന് പിന്നാലെയാണ് ശിശുക്ഷേമ സമിതി അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷം മൂന്നുപേര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കേസില്‍ 70 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.