കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മൂന്നാം പ്രതി അനുപമയുട ജാമ്യാപേക്ഷ തള്ളി കോടതി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്.
കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നൽകുന്നത്. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രഭു വിജയകുമാർ മുഖേനയാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ(51), ഭാര്യ എം.ആർ.അനിതാകുമാരി(39), മകൾ പി.അനുപമ(21) എന്നിവരാണ് പ്രതികൾ. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാംപ്രതിയായ അനുപമ നാലുലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബറാണ്.
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു.