തിരുവനന്തപുരം: സംസ്ഥാനത്തെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കുട്ടികളോട് സഹാനുഭൂതിയോടെയും സൗഹാര്‍ദ്ദപരമായും ഇടപഴകണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. ഇത് ഉറപ്പുവരുത്താന്‍ വനിതാ-ശിശു വികസന വകുപ്പ് സെക്രട്ടറിയും ഡയറക്ടറും ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കണം. മാസത്തിലൊരിക്കല്‍ എല്ലാ നിര്‍ഭയഹോമുകളും വനിതാ-ശിശു വികസന വകുപ്പ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്ററുടെ മേല്‍നോട്ടത്തില്‍ സന്ദര്‍ശിക്കണം.
കുട്ടികളുമായി ആശയവിനിമയം നടത്തി കമ്മീഷന് റിപ്പോര്‍ട്ട് നല്‍കണം. നിര്‍ഭയ ഹോമുകളിലെ പ്രവര്‍ത്തമാര്‍ഗരേഖ സംബന്ധിച്ച് മാതൃഭാഷയിലുളള കൈപ്പുസ്തകം എല്ലാ ഹോമുകളിലെ ജീവനക്കാര്‍ക്കും കുട്ടികള്‍ക്കും ലഭ്യമാക്കുകയും ഇതിന്റെ നടപ്പാക്കല്‍ വനിതാ-ശിശു വികസന വകുപ്പ് സെക്രട്ടറിയും ഡയറക്ടറും സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്ററും ഉറപ്പുവരുത്തുകയും വേണം. അതിജീവിതര്‍ക്ക് ബുദ്ധിമുട്ടുകള്‍ എഴുതിയിടുന്നതിന് പെട്ടി സ്ഥാപിക്കണം.
മാസത്തില്‍ രണ്ട് തവണ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍മാര്‍ അവ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുന്നതിന് വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി.മനോജ്കുമാറും അംഗം റെനി ആന്റണിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശം നല്‍കി.