സത്യപ്രതിജ്ഞ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് തള്ളാനാകില്ലെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം. ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക് കൂടുതല്‍ വ്യക്തത തേടാം.സ്റ്റാന്റിംഗ് കൗണ്‍സിലിനോടാണ് ഗവര്‍ണര്‍ ഉപദേശം തേടിയത്. ഗവര്‍ണര്‍ നാളെ വൈകീട്ട് തലസ്ഥാനത്ത് എത്തും.
ഭരണഘടന വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍ ജനുവരി നാലിന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുമതി തേടി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. കഴിഞ്ഞദിവസം സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമായതിന് പിന്നാലെയാണ് അദ്ദേഹം മന്ത്രിസ്ഥാനത്തേക്ക് തിരികെ എത്തുന്നത്.
കഴിഞ്ഞ ജൂലൈ ആറിന് ചെങ്ങന്നൂരില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. ഭരണഘടനയെ അവഹേളിച്ചു എന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജിവെച്ചത്.
സജി ചെറിയാന്‍ എതിരെയായ കേസ് അവസാനിപ്പിച്ചു എന്ന റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ നല്‍കിയിരുന്നു. കേസില്‍ സജി ചെറിയാന്‍ എതിരെ തെളിവില്ലെന്നാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത് എന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറയുന്നത്.