X

മുഖ്യമന്ത്രിക്ക് പൊലീസിലെ ക്രിമിനലുകള്‍ക്ക് കുടപിടിക്കുന്ന നിലപാട്; വി.ഡി സതീശന്‍

സംസ്ഥാനത്ത് എല്ലായിടത്തും കമ്മ്യൂണിസ്റ്റ് വത്ക്കരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.പ്രത്യേകിച്ചും ക്രമസമാധാന മേഖലയില്‍ ഇത് പ്രകടമാണ്. ഒരു പൊലീസുകാരന്‍ വീട്ടിലേക്ക് പോകുന്ന വഴിക്ക് മാങ്ങാ മോഷ്ടിച്ചു. തൊട്ടുപിന്നാലെ മറ്റൊരു പൊലീസുകാരന്‍ വീട്ടില്‍ കയറി അലമാരയില്‍ ഇരുന്ന സ്വര്‍ണം മോഷ്ടിച്ചു. ഇപ്പോള്‍ 2019ലും 2020ലും 2021ലും സ്ത്രീകളെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കഥകളാണ് പുറത്ത് വരുന്നത്. പരാതിയുമായി എത്തുന്ന സ്ത്രീയെ കാറില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നത് ഉള്‍പ്പെടെയുള്ള പരാതികളാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. പരാതികളുമായി എത്തുന്ന സ്ത്രീകള്‍ക്കെതിരെ വൃത്തികെട്ട സ്വഭാവം കാട്ടുന്ന ഈ പൊലീസ് ഉദ്യോഗസ്ഥന്‍ എങ്ങനെയാണ് ഇപ്പോഴും സര്‍വീസില്‍ തുടരുന്നത്? ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. ഇതിന് മുന്‍പ് 32 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഉദ്യോഗസ്ഥനെ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സര്‍വീസില്‍ നിന്നും നീക്കം ചെയ്തു. എന്നാല്‍ സി.പി.എമ്മിലുള്ള സ്വാധീനത്തെ തുടര്‍ന്ന് അയാള്‍ ഇപ്പോള്‍ സര്‍വീസില്‍ തിരിച്ചെത്തിയിരിക്കുകയാണ്. പൊലീസിലെ ക്രിമിനലുകള്‍ക്ക് കുടപിടിച്ച് കൊടുക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും. ഇത് അപകടകരമായ നിലയില്‍ കേരളത്തിലെ പൊലീസിനെ നിര്‍വീര്യമാക്കുകയാണ്. ഗുണ്ടകളും മയക്ക് മരുന്ന് മാഫിയകളും അഴിഞ്ഞാടുന്ന സംസ്ഥാനമായി കേരളം മാറി അദ്ദേഹം പറഞ്ഞു.

ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) വി.സി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിലൂടെ ഒന്‍പത് വി.സിമാരും രാജിവയ്ക്കണമെന്ന പ്രതിപക്ഷ നിലപാട് ശരിയാണെന്ന് വ്യക്തമായിരിക്കുകയാണ്. വി.സി നിയമനവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നിലപാടിനെ സുപ്രീം കോടതിയും ഹൈക്കോടതിയും ഒരു പോലെ അംഗീകരിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്നാണ് യു.ജി.സി മാനദണ്ഡങ്ങള്‍ ലംഘിച്ച് വി.സിമാരെ നിയമിച്ചത്. ഇക്കാര്യത്തില്‍ രണ്ടു പേരും ഒരു പോലെ കുറ്റക്കാരാണ്. ഗവര്‍ണറും മുഖ്യമന്ത്രിയുമാണ് സുപ്രീംകോടതിയില്‍ തോറ്റത്. യു.ജി.സി മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് വി.സിമാരെ നിയമിച്ചതെന്ന ആരോപണം ഉന്നയിച്ച പ്രതിപക്ഷമാണ് സുപ്രീം കോടതിയില്‍ വിജയിച്ചത് അദ്ദേഹം പറഞ്ഞു.

17 പേരില്‍ നിന്നും ഒന്‍പതു പേരെ കണ്ടെത്തി അതില്‍ ഒന്‍പതാം സ്ഥാനക്കാരന്റെ പേര് മാത്രമാണ് സര്‍ക്കാര്‍ കുഫോസ് വി.സി നിയമനത്തിനായി ഗവര്‍ണര്‍ക്ക് നല്‍കിയത്. നിയമനത്തില്‍ പിന്നാമ്പുറ കഥകളുണ്ട്. അതേക്കുറിച്ച് മാധ്യമങ്ങള്‍ അന്വേഷിക്കണം. ഒന്‍പത് വി.സിമാരില്‍ അക്കാദമിക് യോഗ്യതയുള്ളവരുമുണ്ട്. അങ്ങനെയുള്ളവരും രാജിവച്ച് യു.ജി.സി മാനദണ്ഡങ്ങള്‍ വിധേയമായി യോഗ്യതയുള്ളവര്‍ തിരിച്ച് വരുന്നതിനോട് പ്രതിപക്ഷത്തിന് എതിര്‍പ്പില്ല. യു.ജി.സി നിയമങ്ങള്‍ ലംഘിച്ച് കണ്ണൂര്‍ വി.സിക്ക് പുനര്‍നിയമനം നല്‍കിയപ്പോഴും പ്രതിപക്ഷം ചോദ്യം ചെയ്തതാണ്. ഇതെല്ലാം ഗവര്‍ണറും മുഖ്യമന്ത്രിയും ഒന്നിച്ച് ചെയ്തതാണ്. ഇപ്പോള്‍ ഇരുവരും രണ്ടു വശത്ത് നിന്ന് പ്രതിപക്ഷം ആര്‍ക്കൊപ്പമാണെന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ നിലപാട് കൃത്യമാണ്. സര്‍ക്കാര്‍ പറയുന്ന വാക്ക് കേട്ട് വി.സിമാര്‍ ആ സീറ്റില്‍ തൂങ്ങി നില്‍ക്കരുത്. 9 വി.സിമാര്‍ രാജി വയ്ക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം രാജ്ഭവനിലേക്ക് നടത്തുന്ന പ്രകടനം ജനങ്ങളെ കബളിപ്പിക്കാനാണ്. ഒന്നിച്ച് എല്ലാം ചെയ്തിട്ട് സുപ്രീം കോടതി വിധിക്കെതിരെയാണ് ഇപ്പോള്‍ സമരം നടത്തുന്നത് അദ്ദേഹം തുറന്നടിച്ചു.

തിരുവനന്തപുരം കോര്‍പറേഷനില്‍ നടക്കുന്നത് മുഴുവന്‍ അഴിമതിയാണ്. നേരത്തെ എസ്.സി എസ്ടി ഫണ്ട് തട്ടിപ്പും വീടുകള്‍ക്ക് നമ്പര്‍ ഇടുന്നതിലെ തിരിമറിയുമൊക്കെ പുറത്ത് വന്നിരുന്നു. മേയറെ പാവയെ പോലെ കസേരയില്‍ ഇരുത്തി സി.പി.എം നേതൃത്വമാണ് കോര്‍പറേഷന്‍ ഭരിക്കുന്നത്. അതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് മേയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത്. വെള്ളപൂശി എല്ലാവരെയും രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. കെ.പി.സി.സി ഓഫീസില്‍ നിന്നാണോ മേയറുടെ കത്തുണ്ടായത്? അതോ ആകാശത്ത് നിന്നും പൊട്ടി വീണതാണോ? അദ്ദേഹം ചോദിച്ചു.

Test User: