കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ലഹരിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ യുദ്ധം ചെയ്യാം എന്ന് പറഞ്ഞ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും പറയണം എങ്ങനെ എസ്എഫ്‌ഐ നേതാക്കള്‍ക്ക് ജാമ്യം കിട്ടി എന്നത് രാഹുല്‍ ചോദിച്ചു. എസ്.എഫ്.ഐ അധോലോക കേന്ദ്രങ്ങളാക്കിയ കോളജ് ഹോസ്റ്റലുകള്‍ റെയ്ഡ് ചെയ്താല്‍ ലഹരി ഒഴുക്ക് തടയാനാകുമെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കോളേജ് ഹോസ്റ്റലുകളില്‍ എസ്.എഫ്.ഐ പരിപാലിച്ചു പോരുന്ന ഇടിമുറികള്‍ക്കൊപ്പം ലഹരി മുറികളും നാടിന് ആപത്താവുകയാണ്. വ്യവസായ മന്ത്രിയുടെ മണ്ഡലത്തിലെ ഈ സംരംഭത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥി സംഘടന നേതാക്കന്മാര്‍ തന്നെയാണ് ഉള്ളതെന്ന് രാഹുല്‍ വിമര്‍ശിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം
കളമശേരി പോളി ടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് രണ്ടു കിലോ കഞ്ചാവ് പിടികൂടി. ചെറിയ പാക്കറ്റില്‍ ആക്കി വില്ക്കാന്‍ വേണ്ടിയുള്ള പദ്ധതി ആയിരുന്നു. വ്യവസായ മന്ത്രിയുടെ മണ്ഡലത്തിലെ ഈ സംരംഭത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥി സംഘടന നേതാക്കന്മാര്‍ തന്നെയാണ് ഉള്ളത്.
രണ്ടു കിലോ കഞ്ചാവ് പിടി കൂടിയിട്ടും, അത് വാണിജ്യ ആവശ്യത്തിന് ആയിട്ടും SFI നേതാവും യൂണിയന്‍ ഭാരവാഹി ആയിട്ടും രണ്ടു പേരെ സ്റ്റേഷന്‍ ജാമ്യത്തില്‍ അപ്പോള്‍ തന്നെ വിട്ടു. ലഹരിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ യുദ്ധം ചെയ്യാം എന്ന് പറഞ്ഞ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും പറയണം എങ്ങനെ SFI നേതാക്കള്‍ക്ക് ജാമ്യം കിട്ടിയെന്ന്.
SFI എന്ന അധോലോക സംഘം ക്യാമ്പസുകളില്‍ അക്രമവും അരാജകത്വവും കാട്ടുന്നതിന് ഒപ്പം തന്നെ ലഹരി വ്യാപാരം കൂടി നടത്തുകയാണ്. കോളേജ് ഹോസ്റ്റലുകളില്‍ SFI പരിപാലിച്ചു പോരുന്ന ഇടി മുറികള്‍ക്കൊപ്പം ഈ ലഹരി മുറികളും നാടിനു ആപത്താവുകയാണ്. SFI അധോലോക കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്ന കോളേജ് ഹോസ്റ്റലുകള്‍ ഉടന്‍ തന്നെ റെയ്ഡ് ചെയ്താല്‍ കേരളത്തിലെ ലഹരി ഒഴുക്കിനെ തടയാനാകും.