X

സനാതനധര്‍മം മുഖ്യമന്ത്രി സംഘ്പരിവറിന് ചാര്‍ത്തിക്കൊടുക്കുകയാണ്; വി.ഡി. സതീശന്‍

വര്‍ക്കല: സനാതനധര്‍മം സംഘ്പരിവാറിന് അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സനാതന ധര്‍മം എന്നത് വര്‍ണാശ്രമം ആണെന്നും ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാണെന്നും പറഞ്ഞ് മുഖ്യമന്ത്രി അതും സംഘ്പരിവറിന് ചാര്‍ത്തിക്കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായരുന്നു അദ്ദേഹം.

സനാതനധര്‍മത്തെ സംഘ്പരിവാറിന് മാത്രം അവകാശപ്പെട്ടതാക്കി മാറ്റുകയാണ്. സനാതന ധര്‍മം എന്നത് സാംസ്‌ക്കാരിക പൈതൃകമാണ്. അദൈ്വതവും തത്ത്വമസിയും വേദങ്ങളും ഉപനിഷത്തുകളും അതിന്റെ സാരാംശങ്ങളും എല്ലാം ഉള്‍പ്പെട്ടതാണ് സനാതന ധര്‍മം. അമ്പലത്തില്‍ പോകുന്നവരും ചന്ദനം ഇടുന്നവരും കാവി ഉടുക്കുന്നവരെല്ലാം ആര്‍.എസ്.എസ് ആണെന്നു പറയുന്നതു പോലെയാണ് ഇതും.

സനാതനധര്‍മവും സംഘ്പരിവാറിന് അവകാശപ്പെട്ടതാണെന്നു പറഞ്ഞ് വിട്ടുകൊടുക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. സനാതന ധര്‍മ്മത്തെയും ഹൈന്ദവ പാരമ്പര്യത്തെയും എല്ലാ മതങ്ങളിലും ഉണ്ടായതു പോലെ പൗരോഹിത്യവും രാജഭരണവും ഭരണകൂടവും ദുരുപയോഗം ചെയ്തിട്ടുണ്ട്.

വര്‍ണാശ്രമത്തിനും ചാതുര്‍വര്‍ണ്യത്തിനും അനുകൂലമായ നിലപാടൊന്നുമല്ല നമ്മുടേത്. ഗുരുദേവനും സനാതന ധര്‍മത്തിന്റെ സാംഗത്യത്തെ കുറിച്ച് വിശദീകരിച്ച് പറഞ്ഞിട്ടുണ്ട്. സനാതന ധര്‍മത്തെ മുഴുവന്‍ തള്ളി, അതെല്ലാം സംഘ്പരിവാറിന്റേതാണെന്ന് പറയുന്നത് ശരിയല്ല. സനാതന ധര്‍മത്തില്‍ ഒരു വര്‍ഗീയ കാഴ്ചപ്പാടുമില്ല. അത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടത്. തെറ്റായ രീതിയിലാണ് മുഖ്യമന്ത്രി അത് അവതരിപ്പിച്ചത്.

പണ്ട് കാവി വത്ക്കരണം എന്ന് പറയുമായിരുന്നു. അതും തെറ്റായ രീതിയിലാണ് ഉപയോഗിക്കപ്പെട്ടത്. ഹിന്ദുക്കളെ മുഴുവന്‍ ആട്ടിത്തെളിച്ച് ആര്‍.എസ്.എസിന് മുന്നിലേക്ക് എത്തിക്കുന്നത് ശരിയല്ല. അതല്ല ചെയ്യേണ്ടതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

webdesk18: