തൃശൂർ പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് കമ്മീഷണർ അങ്കിത് അശോക് നൽകിയ പ്ലാൻ എഡിജിപി എം.ആർ അജിത്കുമാർ പൊളിച്ചതാണ് പൂരം കലങ്ങാൻ കാരണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കമ്മീഷണർ ഒരു പ്ലാൻ എഡിജിപിക്ക് നൽകി. അത് ഒഴിവാക്കി എഡിജിപി പുതിയ പ്ലാൻ നൽകി. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയില്ല. വെളിപ്പാംകാലത്ത് നടക്കുന്ന വെടിക്കെട്ടിന് ഉച്ച മുതൽ നിയന്ത്രണം ഏർപ്പെടുത്തി. എല്ലാ വഴികളും ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു. 24 മണിക്കൂർ പൊലീസ് അഴിഞ്ഞാടുകയായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
കമ്മീഷണറുടെ വീഴ്ചയാണെങ്കിൽ ഒരു ഘട്ടത്തിലും എഡിജിപി ഇടപെടാതിരുന്നത് എന്തുകൊണ്ടാണ്? ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ സാന്നിധ്യത്തിലാണ് പൊലീസ് അഴിഞ്ഞാടിയത്. 24 മണിക്കൂർ പ്രശ്‌നമുണ്ടായിട്ടും മുഖ്യമന്ത്രിക്ക് ഒരു വിവരവും കിട്ടാതിരുന്നത് എന്തുകൊണ്ടാണെന്നും സതീശൻ ചോദിച്ചു. മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്. അങ്ങനെയെങ്കിൽ സംസ്ഥാന ഇന്റലിജൻസ് വിഭാഗം പിരിച്ചുവിടുന്നതാണ് നല്ലതെന്നും സതീശൻ പറഞ്ഞു.
പൂരം കലക്കാൻ ബ്ലൂ പ്രിന്റ് ഉണ്ടാക്കിയ ആൾ തന്നെയാണ് അന്വേഷണം നടത്തിയത്. സർക്കാർ ഗൂഢാലോചനയിൽ പങ്കാളി അല്ലായിരുന്നെങ്കിൽ ഉച്ചക്ക് മുമ്പ് പ്രശ്‌നം തീരുമായിരുന്നു. ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ട്. അന്വേഷണം നടത്തിയാൽ ഒന്നാംപ്രതി മുഖ്യമന്ത്രിയാണെന്ന് തെളിയും. ആർഎസ്എസ് പൂരം കലക്കീട്ട് മുഖ്യമന്ത്രി എന്തെടുക്കുകയായിരുന്നുവെന്നും സതീശൻ ചോദിച്ചു. പിണറായിയെ വിമർശിക്കാൻ ഭരണപക്ഷത്തുള്ളവർക്ക് പേടിയായതുകൊണ്ട് അതെല്ലാം തനിക്ക് നേരെ പറയുകയാണ്. അതിൽ ഒരു പരിഭവവുമില്ലെന്നും അദ്ദേഹം പറഞ്ഞു.