മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കൊടും കുറ്റവാളികളും വാടകക്കൊലയാളികളും നെഞ്ച് വിരിച്ച് നിയമം കൈയിലെടുക്കുന്ന സംഭവ പരമ്പരകള്‍ കേരളത്തില്‍ ഉടനീളം കണ്ട് വരികയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കണ്ണൂരില്‍ ഒരു വിവാഹ തലേന്നുണ്ടായ നിസ്സാര വഴക്കിനെ തുടര്‍ന്ന് ഒരു സംഘം യുവാക്കള്‍ തികഞ്ഞ ആസൂത്രണത്തോടെ നടത്തിയ ബോംബാക്രമണവും തുടര്‍ന്നു അക്രമി സംഘത്തിലെ ഒരു യുവാവ് ഉന്നം തെറ്റിയ ബോംബ് പതിച്ചു മരിച്ചതും ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കോളേജുകളും സര്‍വ്വകലാശാലകളും ക്രിമിനല്‍ സംഘങ്ങളുടെ വളര്‍ത്തു കേന്ദ്രമായി അധ:പതിച്ചെന്നും ജയിലുകളിലിരുന്ന് കള്ളക്കടത്ത് മയക്കുമരുന്ന് ഗ്യാങ്ങുകളെ കുറ്റവാളികള്‍ നിയന്ത്രിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പണ്ടൊക്കെ നഗരങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടാണ് വാടക ഗുണ്ടകളും ക്രിമിനലുകളും പ്രവര്‍ത്തിച്ചതെങ്കില്‍ ഗ്രാമങ്ങളിലും അവര്‍ വേരുകള്‍ ഉറപ്പിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും കേരളത്തില്‍ ഇതുപോലൊരു കാലം ഉണ്ടായിട്ടില്ലെന്നും എന്താണ് നിയമ സമാധാന വാഴ്ച ഇത്രയും പാളം തെറ്റാന്‍ കാരണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു. ഭരിക്കുന്നവരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായമില്ലങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നെന്നും ആഭ്യന്തര വകുപ്പ് കൈയില്‍ വെച്ചിരിക്കുന്ന മുഖ്യമന്ത്രിയുടെ പരാജയമായിട്ടേ ഇതിനെ വിലയിരുത്താന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം തുറന്നടിച്ചു. ക്രിമിനലുകള്‍ക്കു വേണ്ടി ക്രമിനലുകള്‍ നടത്തുന്ന ഒരു ഭരണമാണ് ഇവിടെ നടക്കുന്നതെന്നും മുഖ്യമന്ത്രിക്കും അനുചര സംഘത്തിനും ഒരു ജാള്യതയുമില്ലെന്നും കുറ്റപ്പെടുത്തി.
കണ്ണൂര്‍ ശാന്തമെന്ന് വിശ്വസിക്കാന്‍ ഇപ്പോള്‍ എങ്ങിനെ കഴിയുമെന്നും സംഘടിതവും ആസൂത്രിതവുമായ രീതിയില്‍ കുടില്‍ വ്യവസായംപ്പോലെ ബോംബുകള്‍ ഇപ്പോഴും നിര്‍മ്മിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് പോലിസിന്റെ നിയന്ത്രണം കൊണ്ടു നടക്കാനാവില്ലെന്നും പരാജിതനായ ആഭ്യന്തര മന്ത്രിയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്താന്‍ കഴിയാത്ത അവസ്ഥയാണ് അരാജകത്വം അഥവാ അനാര്‍ക്കിയെന്ന് പറയുന്നതെന്ന് പറഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രന്‍ വല്ലാത്ത ദുര്യോഗമാണ് കേരളം നേരിട്ടു കൊണ്ടിരിക്കുന്നതെന്നും കൂട്ടിചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘കേഴുക എന്‍ പ്രിയ നാടേ ….’
കണ്ണൂരില്‍ ഒരു വിവാഹ തലേന്നുണ്ടായ നിസ്സാര വഴക്കിനെ തുടര്‍ന്ന് ഒരു സംഘം യുവാക്കള്‍ തികഞ്ഞ ആസൂത്രണത്തോടെ നടത്തിയ ബോംബാക്രമണവും തുടര്‍ന്നു അക്രമി സംഘത്തിലെ ഒരു യുവാവ് ഉന്നം തെറ്റിയ ബോംബ് പതിച്ചു മരിച്ചതും ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല.
ഉത്തര്‍ പ്രദേശും ബീഹാറുമായിരുന്നു ഒരു കാലത്തു അക്രമത്തിനും കൊള്ളക്കും കൊലപാതകത്തിനും കുപ്രസിദ്ധി നേടിയ സംസ്ഥാനങ്ങള്‍. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കൊടും കുറ്റവാളികളും വാടകക്കൊലയാളികളും നെഞ്ച് വിരിച്ച് നിയമം കൈയിലെടുക്കുന്ന സംഭവ പരമ്പരകള്‍ കേരളത്തില്‍ ഉടനീളം കണ്ട് വരികയാണ്.
കള്ളക്കടത്തിലും മയക്കുമരുന്ന് വ്യാപാരത്തിലും രാഷ്ട്രീയത്തിലെ ഉന്നതന്മാരുടെ പങ്ക് കേരളം പല ഘട്ടങ്ങളിലും ചര്‍ച്ച നടത്തിയതാണ്.
സ്‌കൂളുകളിലും കോളേജുകളിലും മയക്കു മരുന്ന് സംഘങ്ങള്‍ പിടി മുറുക്കന്നുവെന്ന വാര്‍ത്ത കേട്ട് കേരളം ഞെട്ടുകയാണ്.
കോളേജുകളും സര്‍വ്വകലാശാലകളും ക്രിമിനല്‍ സംഘങ്ങളുടെ വളര്‍ത്തു കേന്ദ്രമായി അധ:പതിച്ചു. ജയിലുകളിലിരുന്ന് കള്ളക്കടത്ത് മയക്കുമരുന്ന് ഗ്യാങ്ങുകളെ കുറ്റവാളികള്‍ നിയന്ത്രിക്കുന്നു.
ചില ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന നിശാ പാര്‍ട്ടിയും അതോടനുബന്ധിച്ച് അരങ്ങേറുന്ന സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടവും ജനങ്ങളെ ഭീതിയിലകപ്പെടുത്തി കഴിഞ്ഞു.
നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ട് മോഡലുകളുടെ ദുരന്ത മരണം, സിനിമാ നടിയെ കരാറുറപ്പിച്ചു ബലാല്‍സംഗം ചെയ്ത സംഭവം ഇതെല്ലാം സാംസ്‌കാരിക കേരളത്തിനേറ്റ ശക്തമായ പ്രഹരങ്ങളാണ്.
പണ്ടൊക്കെ നഗരങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടാണ് വാടക ഗുണ്ടകളും ക്രിമിനലുകളും പ്രവര്‍ത്തിച്ചതെങ്കില്‍ ഗ്രാമങ്ങളിലും അവര്‍ വേരുകള്‍ ഉറപ്പിച്ചു കഴിഞ്ഞു.
ഒരിക്കലും കേരളത്തില്‍ ഇതുപോലൊരു കാലം ഉണ്ടായിട്ടില്ല. എന്താണ് നിയമ സമാധാന വാഴ്ച ഇത്രയും പാളം തെറ്റാന്‍ കാരണം? ഭരിക്കുന്നവരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായമില്ലങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.
ആഭ്യന്തര വകുപ്പ് കൈയില്‍ വെച്ചിരിക്കുന്ന മുഖ്യ മന്ത്രിയുടെ പരാജയമായിട്ടേ ഇതിനെ വിലയിരുത്താന്‍ കഴിയുകയുള്ളൂ. ക്രിമിനലുകള്‍ക്കു വേണ്ടി ക്രമിനലുകള്‍ നടത്തുന്ന ഒരു ഭരണമാണ് ഇവിടെ നടക്കുന്നത്. മുഖ്യ മന്ത്രിക്കും അനുചര സംഘത്തിനും ഒരു ജാള്യതയുമില്ല. പോലീസ് ഡയറക്ടര്‍ ജനറല്‍ മുതല്‍ താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്മാര്‍ വരെ ഉത്തരം പറയേണ്ടതല്ലേ?
പ്രഗത്ഭന്മാരും നീതിമാന്മാരുമായ എത്രയെത്ര ഉന്നത ഐ.പി.എസ്സ്. ഉദ്യോഗസ്ഥന്മാരിവിടെയുണ്ടായിരുന്നു. അഴിമതി നടത്താത്ത , ഉപരിവര്‍ഗത്തിന്റെ ആതിഥ്യം ഒരിക്കലും ഏറ്റുവാങ്ങാത്ത ആ മികച്ച ഉദ്യോഗസ്ഥര്‍ ഇപ്പോഴും തിളങ്ങുന്ന മാതൃകകളാണ്. നിയമ സമാധാനം ഉറപ്പു വരുത്താന്‍ നിതാന്ത ജാഗ്രത കാട്ടിയ അവരുടെ കൂറ് ഭരണഘടനയോടും പൊതു സമൂഹത്തോടുമായിരുന്നു. സ്വാഭിമാന ബോധമുള്ള ഐ. പി. എസ്സ്. ഉദ്യോഗസ്ഥന്മാര്‍ക്ക് വംശനാശം സംഭവിക്കുകയാണൊ?
മോണ്‍സന്‍ മാവുങ്കല്‍ എന്ന തട്ടിപ്പുകാരന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി സുഖ ചികിത്സ നടത്തുന്ന ഉന്നത ഉദ്യോഗസ്ഥരുടെ കാലമാണിതെന്നത് ആരെയാണ് ആശങ്കപ്പെടുത്താത്തത്?
എന്തു കുറ്റകൃത്യം ചെയ്താലും ഭരണ സ്വാധീനമുണ്ടെങ്കില്‍ നിഷ് പ്രയാസം ഊരിപ്പോരാമെന്ന നില അത്യന്തം അപകടകരമാണ്.
ബഹു: മുഖ്യ മന്ത്രിയുടെ അറിവിലേക്കാണ് ഇത്രയും പറഞ്ഞു പോയത്.
മുഖ്യ മന്ത്രിയുടെ ജില്ലയില്‍ പണ്ട് രാഷ്ട്രീയ കൊലപാതങ്ങള്‍ നിത്യ സംഭവമായിരുന്നു. കണ്ണൂര്‍ ശാന്തമെന്ന് വിശ്വസിക്കാന്‍ ഇപ്പോള്‍ എങ്ങിനെ കഴിയും. സംഘടിതവും ആസൂത്രിതവുമായ രീതിയില്‍ കുടില്‍ വ്യവസായംപ്പോലെ ബോംബുകള്‍ ഇപ്പോഴും നിര്‍മ്മിക്കുന്നു. ഒരു യുവാവ് ഉന്നം തെറ്റിയ ബോംബ് തട്ടി, തല ചിതറി മരിച്ച സംഭവം കണ്ണൂരിലെ നല്ലവരായ ജനങ്ങളെ വീണ്ടും ഭയ വിഹ്വലരാക്കിയിരിക്കുന്നു.
ഊരിയ വാളും ഉയര്‍ത്തി പിടിച്ച കത്തിയും വക വെക്കാതെ രാഷ്ട്രീയത്തില്‍ നില ഉറപ്പിച്ച മുഖ്യ മന്ത്രി കോളജ് പഠന കാലത്ത് മേഷ യുദ്ധം നടത്തിയത് കേരളീയര്‍ക്ക് അറിയാം. കണ്ണൂര്‍ എസ്സ്.പി. ജോസഫ് തോമസ്സ് ഐ.പി.എസ്സിനെ പേടിച്ചു നടന്ന കാലവും ജനങ്ങള്‍ക്കറിയാം. ആഭ്യന്തര മന്ത്രിയായ താങ്കള്‍ ഇപ്പോഴും ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഭയപ്പെടുകയാണൊ ?
ബഹു: മുഖ്യ മന്ത്രി, പോലിസിന്റെ നിയന്ത്രണം അങ്ങേക്ക് കൊണ്ടു നടക്കാനാവില്ല. പരാജിതനായ ആഭ്യന്തര മന്ത്രിയാണ് അങ്ങ്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്താന്‍ കഴിയാത്ത അവസ്ഥയാണ് അരാജകത്വം അഥവാ അനാര്‍ക്കിയെന്ന് പറയുന്നത്.
വല്ലാത്ത ദുര്യോഗമാണ് കേരളം നേരിട്ടു കൊണ്ടിരിക്കുന്നത്.
‘ കേഴുക എന്‍ പ്രിയ നാടെ’ എന്ന് അറിയാതെ പറഞ്ഞു പോവുകയാണ്.