ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് ആര്‍.എസ്.എസ് നേതാവിനെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നതോടെ സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ അധികാരത്തിന്റെ ഇടനാഴിയില്‍ നടക്കുന്ന അവിശുദ്ധ കൂട്ടുകെട്ട് കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവും ജന്മഭൂമിയുടെ മുന്‍ ചീഫ് എഡിറ്ററുമായ ഹരി എസ് കര്‍ത്തയെയാണ് കീഴ്‌വഴക്കങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനില്‍ നിയമിച്ചിരിക്കുന്നത്. സംസ്ഥാന ചരിത്രത്തിലിതുവരെ ഉണ്ടായിട്ടില്ലാത്ത, ഗവര്‍ണറുടെ ഓഫീസിലെ ഈ രാഷ്ട്രീയ നിയമനത്തിന് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള രണ്ടുവരി കുറിപ്പാണ് വിയോജിപ്പായി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. മുന്‍പ് ചെയ്യാത്ത കാര്യമാണെങ്കിലും ഇക്കാര്യത്തില്‍ ഗവര്‍ണര്‍ താല്‍പര്യം അറിയിച്ചതിനാല്‍ നിയമനം നടത്തുകയാണെന്ന് പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേവേന്ദ്രകുമാര്‍ ധൊദാവത്തിനു നല്‍കിയ കത്തില്‍ പറയുന്നു. ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള ഒത്തുകളി മുന്‍പും പലവിഷയങ്ങളിലും പ്രകടമായതിനാല്‍ രാജ് ഭവനില്‍ നിന്നെത്തിയ ഈ ഫയലും മുഖ്യമന്ത്രി ഒപ്പുവെച്ചു നല്‍കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. ജനുവരി 18 ന് ലഭിച്ച ഫയലില്‍ സര്‍ക്കാര്‍ മുന്‍പേ തന്നെ തീരുമാനം എടുക്കുകയും ചെയ്തതാണ്. ഉത്തരവിറക്കിയതു ഇന്നലെയാണെന്നുമാത്രം. എന്നാല്‍ കൗതുകകരമായ കാര്യം വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുമ്പോള്‍ സി.പി.എമ്മോ ഇടതു മുന്നണിയോ ഇക്കാര്യം അറിഞ്ഞിരുന്നില്ല എന്നതാണ്. മന്ത്രിസഭയിലും പാര്‍ട്ടിയിലും മുഖ്യമന്ത്രിയുടെ തിരുവാക്ക് എതിര്‍വാ ഇല്ലെങ്കിലും മുന്നണിയില്‍ ഉയര്‍ന്നേക്കാവുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ക്കൂടി ഒഴിവാക്കുക എന്നതാണ് ഈ ഒളിച്ചുകളിയുടെ ഉദ്ദേശ്യം. അവിടെയാണ് ബി.ജെ.പി നേതാവായിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന ഭരണത്തിന്റെ തലപ്പത്തിരിക്കുന്ന മുഖ്യമന്ത്രിയും തമ്മിലുള്ള ബാന്ധവം മറനീക്കി പുറത്തുവരുന്നത്.
സര്‍ക്കാറും ഗവര്‍ണറും തമ്മിലുണ്ടായിട്ടുള്ള വിവാദങ്ങളിലെല്ലാം തുടക്കത്തില്‍ ഇരു ധ്രുവങ്ങളിലാണെന്ന് തോന്നിപ്പിക്കുമെങ്കിലും അവസാനം ഇരുകൂട്ടരും ധാരണയിലെത്തുന്നതാണ് പതിവ്. രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കാന്‍ ഗവര്‍ണര്‍ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ ഇടപെട്ട് തടഞ്ഞതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിലാണ് ഈ പരസ്പര ധാരണ ആദ്യം പ്രകടമായത്. വിഷയത്തിലെ സര്‍ക്കാറിന്റെ ഇടപെടലിനെ തുടര്‍ന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ പുനര്‍ നിയമനത്തിനെതിരെ ഗവര്‍ണര്‍ ശക്തമായ എതിര്‍പ്പുമായായിരുന്നു നിലകൊണ്ടത്. തന്റെ വായ മൂടിക്കെട്ടിയിരിക്കുകയാണെന്നും വളരെ ഗുരുതരമായ കാര്യങ്ങളുണ്ടെന്നുമായിരുന്നു അന്ന് ഗവര്‍ണര്‍ പ്രതികരിച്ചത്. മര്യാദ കാരണം താനൊന്നും പറയുന്നില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി ഒഴിയുമെന്ന് വരെ പരസ്യമായി പ്രഖ്യാപിച്ച അദ്ദേഹം പിന്നീട് മുഖ്യമന്ത്രിയുടെ ഒരു ഫോണ്‍കാളോടു കൂടി എല്ലാം മറക്കുകയും തന്റെ നിലപാടില്‍നിന്ന് പിറകോട്ടുപോകുകയുമായിരുന്നു. ലോകായുക്ത ഓര്‍ഡിനന്‍സിലും ഇതിന്റെ തനിയാവര്‍ത്തനമാണ് കാണാന്‍ കഴിഞ്ഞത്. ഓര്‍ഡിനന്‍സില്‍ ഒപ്പു വെപ്പിക്കുന്നതിനായി മന്ത്രി പി. രാജീവ് മൂന്നു തവണ രാജ്ഭവനിലെത്തിയിട്ടും മുഖം നല്‍കാതിരുന്ന അദ്ദേഹം പിണറായിയുടെ ഒരു മുക്കാല്‍ മണിക്കൂര്‍ സന്ദര്‍ശനം കൊണ്ട് എല്ലാം ശരിയാക്കി നല്‍കുകയായിരുന്നു. ഓര്‍ഡിനന്‍സിന്റെ നിയമപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ കത്തിനെ വളരെ ഗൗരവത്തോടെ സമീപിക്കുന്നു എന്നു തോന്നിപ്പിച്ച അദ്ദേഹം അതിലെ പരാമര്‍ശങ്ങള്‍ മുഖവിലക്കെടുക്കുക പോലും ചെയ്യുകയുണ്ടായില്ല.
ഇതിന്റെ മറു തന്ത്രമാണ് മുഖ്യമന്ത്രിയും പയറ്റിയിരിക്കുന്നത്. രാജ് ഭവനില്‍ നിന്നുള്ള ഫയലില്‍ നേരത്തെ തന്നെ തീരുമാനമെടുത്തിട്ടും അതു മറച്ചുവെച്ച് സര്‍ക്കാറിന് എതിര്‍പ്പുണ്ടെന്നു വരുത്തിത്തീര്‍ക്കുകയും സമയം ഒത്തുവന്നപ്പോള്‍ കാര്യങ്ങള്‍ നടത്തിക്കൊടുക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഈ വിവാദങ്ങളിലെല്ലാം സി.പി.എമ്മും ബി.ജെ.പിയും നടത്തിക്കൊണ്ടിരിക്കുന്ന പേരിനുവേണ്ടി മാത്രമുളള ഇടപെടലുകളും സംഗതിയുടെ യഥാര്‍ത്ഥ വശം വെളിച്ചത്തുകൊണ്ടുവരുന്നുണ്ട്. തന്റെ പദവി മറന്നുകൊണ്ട് മതപരമായ വിഷയങ്ങളില്‍ പോലും അഭിപ്രായം പ്രകടിപ്പിക്കുകയും തീര്‍പ്പുകല്‍പ്പിക്കുകയുമൊക്കെ ചെയ്യുന്ന അസാധാരണ കീഴ്‌വഴക്കങ്ങളാണ് ഗവര്‍ണര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിലുള്ള ആശങ്ക പ്രതിപക്ഷം തുറന്നു പറയുമ്പോള്‍ സര്‍ക്കാറിനും സി.പി.എമ്മിനുമൊന്നും ഇതില്‍ ഒരു അനൗചിത്യവും കാണാനാവുന്നില്ലെന്നതും ഇവിടെ ചേര്‍ത്തു വായിക്കേണ്ടതാണ്.