X

മുഖ്യമന്ത്രിയും ഗവര്‍ണറും ജനത്തെ പറ്റിക്കുന്നു,നിരാകരണ പ്രമേയം സഭയില്‍ അവതരിപ്പിക്കും;രമേശ് ചെന്നിത്തല.

ലോകായുക്ത വിഷയത്തില്‍ ഭരണഘടന അനുവദിക്കുന്ന നിരാകരണപ്രമേയം നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.തട്ടിപ്പും അഴിമതിയും നടത്തുന്നവര്‍ ഭരണാധികാരികള്‍ ആയപ്പോള്‍ സ്വയരക്ഷയ്ക്ക് വേണ്ടി പുതിയ നിയമം കൊണ്ടു വന്നിരിക്കുകയാണ്. ലോകായുക്തയില്‍ കണ്ടത് അതാണ്. അഴിമതി നിരോധന നിയമം കേരളത്തില്‍ ഇല്ലാതായിരിക്കുന്നു അദ്ദേഹം പറഞ്ഞു.

സി എ ജിയുടെയും വിജിലന്‍സിന്റെയും ചിറകരിഞ്ഞതിന്റെ തുടര്‍ച്ചയാണിത്. മുഖ്യമന്ത്രി സ്വയം കേസില്‍ നിന്ന് രക്ഷപ്പെടാന്‍ നിയമനിര്‍മാണം കൊണ്ട് വരികയാണ് ചെയ്തത്. ഇടത് ഭരണകാലത്ത് ഇനിയും തീവെട്ടിക്കൊള്ളകള്‍ നടത്താനാണിത്. മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് ജനങ്ങളെ കബളിപ്പിക്കുകയാണ്. ഗവര്‍ണര്‍ സര്‍ക്കാറിനെതിരെ പറഞ്ഞ കാര്യങ്ങള്‍ ഒരു മണിക്കൂറിനകം ആവിയായി പോയോ? അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി വിദേശത്ത് നിന്നുവന്നപ്പോള്‍ പ്രവാസികള്‍ക്കുള്ള ക്വാറന്റീനില്‍ വരെ മാറ്റം കൊണ്ടുവന്നു. ഭരണാധികാരികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കും ഏത് അഴിമതിയും കേരളത്തില്‍ നടത്താനുള്ള പൂര്‍ണമായ ലൈസന്‍സ് ആണ് സര്‍ക്കാര്‍ കൊടുത്തിരിക്കുന്നത്. അതിനു കൂട്ടുനില്‍ക്കുകയാണ് ഗവര്‍ണര്‍ . ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന സി പി ഐയുടെ നിലപാട് ശരിയാണ്. ലോകായുക്ത വിഷയത്തില്‍ ഭരണഘടന അനുവദിക്കുന്ന നിരാകരണ പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കും രമേശ് ചെന്നിത്തല പറഞ്ഞു.

Test User: