തെരഞ്ഞെടുപ്പു കമ്മീഷന്‍ അംഗങ്ങളുടെ നിയമനം പൂര്‍ണമായി കേന്ദ്രസര്‍ക്കാരിന്റെ കൈപ്പിടിയിലൊതുക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത് വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ നിയമനം സുതാര്യമാക്കേണ്ടതിന്റെ ആവശ്യകതയും അതിനു സ്വീകരിക്കേണ്ട നടപടികളും പ്രതിപാദിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അഡ്വാനി മുന്‍പെഴുതിയ കത്ത് പുറത്തുവിട്ട് കോണ്‍ഗ്രസ്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് അംഗങ്ങളെയും തെരഞ്ഞെടുക്കേണ്ടത് അഞ്ചംഗങ്ങളുള്ള സമിതിയോ, കൊളീജിയമൊ ആയിരിക്കണമെന്ന് നിര്‍ദേശിച്ചാണ് അദ്വാനി കത്തയച്ചിരിക്കുന്നത്. പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പാര്‍ലമെന്റിലെ ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കള്‍, നിയമമന്ത്രി എന്നിവരെ ഉള്‍പ്പെടുത്തി പാനല്‍ ഉണ്ടാക്കാനാണ് കത്തില്‍ പറയുന്നത്.
‘നമ്മുടെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെയും ഭരണ സംവിധാനത്തിന്റെയും കാലോചിതവും പുരോഗമനപരവുമായ പരിഷ്‌കരണം ആഗ്രഹിക്കുന്ന ഇന്ത്യയിലെ ജനങ്ങളുടെ വികാരം പങ്കുവയ്ക്കാനാണ്’ താന്‍ ഈ കത്ത് എഴുതുന്നതെന്ന് അഡ്വാനി ആമുഖത്തില്‍ വ്യക്തമാക്കുന്നു. ”തിരഞ്ഞെടുപ്പ് കമ്മിഷന്‍ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങള്‍ ഉഭയകക്ഷി അടിസ്ഥാനത്തില്‍ നടത്തണമെന്ന അഭിപ്രായം നമ്മുടെ രാജ്യത്ത് അതിവേഗം വളരുന്നുണ്ട്. പക്ഷപാതിത്വം ഇല്ലാതാക്കാനും സുതാര്യതയും നീതിയും ഉറപ്പാക്കാനുമാണിത്.’ അഡ്വാനി കുറിച്ചു.