റായ്പൂര്‍: മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം കുഞ്ഞുണ്ടാവാന്‍ ജീവനോടെ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും യുവാവിന് മക്കളില്ലായിരുന്നു. മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യുവാവ് കോഴിക്കുഞ്ഞിനെ വിഴുങ്ങിയത്. ആനന്ദ് യാദവ് ആണ് മരിച്ചത്. വീട്ടില്‍ കുഴഞ്ഞുവീണ ആനന്ദിനെ അംബികാപൂരിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു.
കുളികഴിഞ്ഞ് തിരിച്ചെത്തിയ ആനന്ദിന് തലകറക്കവും ബോധക്ഷയവും അനുഭവപ്പെടുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ തൊണ്ടക്ക് സമീപം മുറിവ് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ജീവനുള്ള കോഴിക്കുഞ്ഞിനെ കണ്ടെത്തിയത്.
ഏകദേശം 20 സെന്റിമീറ്റര്‍ നീളമുള്ള കോഴിക്കുഞ്ഞിനെയാണ് കണ്ടെത്തിയത്. ശ്വാസനാളത്തെയും അന്നനാളത്തെയും തടസ്സപ്പെടുത്തുന്ന രീതിയില്‍ കുടുങ്ങി കിടക്കുകയായിരുന്നു കോഴിക്കുഞ്ഞ്. ശ്വാസംമുട്ടല്‍ ഉണ്ടായതാവാം മരണകാരണമെന്നും പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോ. സന്തു ബാഗ് പറഞ്ഞു.
മക്കളില്ലാത്തതിനാല്‍ ആനന്ദ് വലിയ വിഷമത്തിലായിരുന്നുവെന്നും ഗ്രാമത്തിലെ ഒരു മന്ത്രവാദിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ച് കോഴിക്കുഞ്ഞിനെ വിഴുങ്ങിയതാകാമെന്ന് നാട്ടുകാര്‍ പറയുന്നു.