ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി 26ന് ചുമതലയേല്‍ക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് മുന്നില്‍ വെല്ലുവിളികള്‍ ചെറുതല്ല. ആദ്യ കടമ്പ പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പാണ്. പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തി ഖാര്‍ഗെ ആധികാരികത ഉറപ്പിക്കുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. പുതിയ അധ്യക്ഷന്‍ വന്ന് ഒരു മാസത്തിനകം പ്ലീനറി സെഷന്‍ ചേരണമെന്നാണ് ചട്ടം. പ്ലീനറി സെഷനില്‍ പ്രവര്‍ത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കണം. 11 പേര്‍ തിരഞ്ഞെടുപ്പിലൂടെയും 12 പേരെ അധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്തുമാണ് വരേണ്ടത്. തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഖാര്‍ഗെ നേരത്തെ പറഞ്ഞിരുന്നു. ശശി തരൂരും ഈ ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്. മത്സരത്തിലൂടെ പ്രവര്‍ത്തക സമിതി അംഗമാകാന്‍ തരൂരിനു താല്‍പര്യമില്ല.
അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് 10 ശതമാനത്തോളം വോട്ട് പിടിച്ച സാഹചര്യത്തില്‍ അധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്യുന്ന പേരുകളിലൊന്നാവാണു തരൂരിന് ആഗ്രഹം. രമേശ് ചെന്നിത്തലയും അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രിപദ തര്‍ക്കവും ഉടന്‍ പരിഹരിക്കേണ്ടതുണ്ട്. അതേ സമയം രാഹുല്‍ ഗാന്ധി 25ന് ഡല്‍ഹിയില്‍ എത്തും. 26ന് പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷമാകും മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കുക. ഇതിനു പുറമെ ഉദയ്പൂര്‍ പ്രഖ്യാപനം വീഴ്ച കൂടാതെ നടപ്പിലാക്കുക എന്നതും ഖാര്‍ഗെക്കു മുന്നിലുണ്ട്. ഇതിലേക്കെത്താന്‍ പാര്‍ട്ടിയിലെ യുവാക്കളും മുതിര്‍ന്നവരും തമ്മിലെ വിടവ് നികത്തേണ്ടതുണ്ട്. സംഘടനാപരമായും രാഷ്ട്രീയമായും ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലൂടെ പാര്‍ട്ടി കടന്നുപോകുമ്പോഴാണ് ഖാര്‍ഗെ അധ്യക്ഷപദവിയില്‍ എത്തുന്നത്. തുടര്‍ച്ചയായ തിരഞ്ഞെടുപ്പു തിരിച്ചടികള്‍, നേതാക്കളുടെ കൊഴിഞ്ഞുപോക്ക്, സംഘടനാ ദൗര്‍ബല്യങ്ങള്‍ എന്നിവയടക്കം ഖാര്‍ഗെക്കു മുന്നിലുള്ളത് വലിയ കടമ്പകളാണ്. 2014നും 2022നുമിടയിലുള്ള എട്ടു വര്‍ഷത്തില്‍ 460 നേതാക്കളാണ് പാര്‍ട്ടി വിട്ടത്. 177 നിയമസഭാ, ലോക്‌സഭാ ജനപ്രതിനിധികള്‍ പാര്‍ട്ടി വിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച 222 പേര്‍ ഇതിനോടകം മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറി. ജയന്തി നടരാജന്‍, കൃഷ്ണ തിരാത്, ഹിമന്ത ബിശ്വ ശര്‍മ, റീത ബഹുഗുണ ജോഷി, എസ്എം കൃഷ്ണ, സുമിത്ര ദേവി കസ്‌ദേകര്‍, ഖുഷ്ബു, ജ്യോദിരിത്യ സിന്ധ്യ, പിസി ചാക്കോ, ജിതിന്‍ പ്രസാദ, അമരീന്ദര്‍ സിങ്, ആര്‍പിഎന്‍ സിങ്, അശ്വനി കുമാര്‍, റിപുന്‍ ബോറ, ഹാര്‍ദിക് പട്ടേല്‍, സുനില്‍ ഝാകര്‍, കപില്‍ സിബല്‍, ജെയ്‌വീര്‍ ഷേര്‍ഗില്‍, ഗുലാംനബി ആസാദ് എന്നിവരടങ്ങിയവര്‍ അധികാരം നഷ്ടമായതിന് പിന്നാലെ പാര്‍ട്ടി വിട്ടു. ജോതിരാദിത്യ സിന്ധ്യ, ഹിമന്ത ബിശ്വ ശര്‍മ ഉള്‍പ്പെടെ പലരും ബിജെപിയുടെ പ്രധാനപ്പെട്ട മുഖങ്ങളും തീവ്ര ഹിന്ദുത്വ പ്രചാരകരുമാണിപ്പോള്‍.
2022ല്‍ മാത്രം 24 എംഎല്‍എമാരാണ് മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറിയത്. 37 നിയമസഭാ തിരഞ്ഞെടുപ്പ് മത്സരാര്‍ത്ഥികള്‍ മറ്റു പാര്‍ട്ടികളിലെത്തി. അധികാരം നഷ്ടപ്പെട്ട 2014ന് ശേഷം നടന്ന 45 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ 40ലും കോണ്‍ഗ്രസിന് തോല്‍വിയായിരുന്നു ഫലം. 1998ന് ശേഷം മത്സരിച്ച 20,847 നിയമസഭാ സീറ്റുകളില്‍ പാര്‍ട്ടിക്ക് ജയിക്കാനായത് 5,397 സീറ്റുകളില്‍ മാത്രം. 26 ശതമാനം. നാലു വര്‍ഷമായി ശരാശരി പത്തു ശതമാനമാണ് വിവിധ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയ ശതമാനക്കണക്ക്.
2019ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 52 സീറ്റിലാണ് വിജയിച്ചത്. 2014 ലെ 44 സീറ്റില്‍ നിന്ന് നേരിയ വര്‍ധന കാണിച്ചെങ്കിലും എടുത്തു പറയാവുന്ന പ്രകടനമായിരുന്നില്ല അത്. 2009ല്‍ 206 സീറ്റിലും 2004ല്‍ 145 സീറ്റിലും 1999ല്‍ 114 സീറ്റിലും കോണ്‍ഗ്രസ് വിജയം കണ്ടിരുന്നു. 1998ല്‍ 141 സീറ്റാണ് പാര്‍ട്ടിക്കുണ്ടായിരുന്നത്.
98ല്‍ സോണിയാ ഗാന്ധി കോണ്‍ഗ്രസിന്റെ അമരത്ത് എത്തുമ്പോള്‍ പത്ത് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അധികാരത്തിലുണ്ടായിരുന്നു. 2006ല്‍ അത് 16 ആയി ഉയര്‍ന്നു. എന്നാല്‍ ഖാര്‍ഗെ അധ്യക്ഷനാകുന്ന 2022ല്‍ ചത്തീസ്ഗഡും രാജസ്ഥാനും മാത്രമാണ് കോണ്‍ഗ്രസിന് ഭരണമുള്ളത്. അതേ സമയം വലിയ തിരിച്ചടികള്‍ പാര്‍ട്ടി നേരിടുമ്പോഴും പ്രതീക്ഷകള്‍ക്ക് വകയുള്ള ഡേറ്റകളും ഖാര്‍ഗെക്കു മുന്നിലുണ്ട്. 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ 303 സീറ്റു കിട്ടിയ ബിജെപിക്ക് 37.3 ശതമാനം വോട്ടാണ് ലഭിച്ചതെങ്കില്‍ 52 സീറ്റു മാത്രം നേടിയ കോണ്‍ഗ്രസിന്് 19.5 ശതമാനം വോട്ടു ലഭിച്ചിട്ടുണ്ട്. ആകെ 119.5 ദശലക്ഷം വോട്ട്. മൂന്നാം സ്ഥാനത്തുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് 4.1 ശതമാനം മാത്രമാണ് ലഭിച്ചത്. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളും രണ്ട് വര്‍ഷത്തിനിടെ വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പും ഖാര്‍ഗെയുടെ സംഘാടന മികവ് പരിശോധിക്കാനുള്ള ആദ്യ പടിയാകും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പായിരിക്കും കടുപ്പമേറിയ വെല്ലുവിളി. സ്വന്തം തട്ടകമായതിനാല്‍ തന്നെ ഇവിടെയുള്ള ജയപരാജയങ്ങള്‍ ഖാര്‍ഗേയുടെ നേതൃത്വത്തിന്റെ നേരിട്ടുള്ള വിലയിരുത്തലായേക്കും. ബി.ജെ.പിക്കുള്ളിലെ രൂക്ഷമായ നേതൃപോരും ബൊമ്മെ സര്‍ക്കാറിനെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളും കോണ്‍ഗ്രസിന് നേട്ടമാകും. അതേസമയം സിദ്ധരാമയ്യ – ഡി.കെ ശിവകുമാര്‍ ഗ്രൂപ്പ്‌പോര് മറികടക്കുകയെന്ന വെല്ലുവിളിയും ഖാര്‍ഗേക്ക് നേരിടേണ്ടി വരും.തലമുറ മാറ്റത്തിനു വേണ്ടിയുള്ള പാര്‍ട്ടിക്കകത്തെ മുറവിളികളെ എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് മറ്റൊരു വെല്ലുവിളി.
അകന്നു നില്‍ക്കുന്ന ജി 23 നേതാക്കളെ കൂടെ നിര്‍ത്തലും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തടയലും മറ്റൊരു വെല്ലുവിളിയാണ്. 2024ലെ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പിക്കെതിരെ മതേതര ബദല്‍ രൂപപ്പെടുത്തുക എന്നതായിരിക്കും മറ്റൊരു വെല്ലുവിളി. ലാലു പ്രസാദ് യാദവും നിതീഷ് കുമാറും തുടങ്ങിവെച്ച ചര്‍ച്ചകളെ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. ബി.ജെ.പിക്ക ബദല്‍ കോണ്‍ഗ്രസ് മാത്രമാണെന്ന ലാലു- നിതീഷ് നിലപാട് ഖാര്‍ഗേക്ക് ഏറ്റവും നല്ല പിടിവള്ളിയാണ്.
അതേസമയംതന്നെ ആ ലക്ഷ്യത്തിലേക്ക് കൂടുതല്‍ കക്ഷികളെ എത്തിക്കുക എന്നത് വെല്ലുവിളിയും. അനുഭവ സമ്പത്ത് തന്നെയാണ് ഖാര്‍ഗെ എന്ന രാഷ്ട്രീയക്കാരന്റെ ഏറ്റവും വലിയ മൂലധനം. ബി.ജെ.പി നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടം എല്ലാറ്റിനേയും ചവിട്ടിമെതിച്ച് മുന്നോട്ടു പോകുമ്പോള്‍ രാജ്യം ഇപ്പോഴും പ്രതീക്ഷയര്‍പ്പിക്കുന്നത് കോണ്‍ഗ്രസില്‍ തന്നെയാണ്. ആ പ്രതീക്ഷകള്‍ നിറവേറ്റാന്‍ ഖാര്‍ഗേയിലെ അനുഭവ സമ്പത്ത് തുണയാകുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.