X
    Categories: indiaMore

വയോധികനെ ഒരു മണിക്കൂറിലധികം കാത്തുനിര്‍ത്തി, ഉദ്യോഗസ്ഥരെ നിര്‍ത്തി ജോലി ചെയ്യിച്ച് സിഇഓ

നോയിഡ: ഓഫീസിലെത്തിയ വയോധികനെ ഒരു മണിക്കൂര്‍ കാത്തുനിര്‍ത്തിയതിന് ഉദ്യോഗസ്ഥരെ നിര്‍ത്തി ജോലി ചെയ്യിച്ച് ശിക്ഷ നല്‍കി സിഇഓ. ഉത്തര്‍പ്രദേശിലെ നോയിഡ അതോറിറ്റിയുടെ കീഴിലുള്ള റസിഡന്‍ഷ്യല്‍ പ്ലോട്ട് ഡിപ്പാര്‍ട്ടുമെന്റ് ഓഫീസിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിഷയം പുറംലോകം അറിഞ്ഞത്. സി.ഇ.ഓ.യെ പിന്തുണച്ചും വിമര്‍ശിച്ചും സാമൂഹികമാധ്യമങ്ങളില്‍ ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

സ്ഥലമിടപാടമായി ബന്ധപ്പെട്ട് ദിവസേന ആയിരത്തോളം ആളുകള്‍ വന്നുപോകുന്നയിടമാണ് ഓഫീസിലെ സെക്ടര്‍ 6. ഇവിടെ ഉദ്യോഗസ്ഥര്‍ സ്ഥിരമായി ഇത്തരത്തില്‍ പെരുമാറുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഈ ശിക്ഷാ നടപടിയിലേക്ക് നീങ്ങിയതെന്ന് നോയിഡ അതോറിറ്റി സി.ഇ.ഓ. ലോകേഷ് എം. പറഞ്ഞു.

‘ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തപരമായ സമീപനംകൊണ്ട് ഓഫീസില്‍ എത്തുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാവുന്നുണ്ട്. അതിനെക്കുറിച്ച് വ്യാപകമായി പരാതികള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ ഓഫീസിലും സി.സി.ടി.വി. ഘടിപ്പിച്ചത്. അവയെല്ലാം ഞാന്‍ കൃത്യമായി പരിശോധിക്കുന്നുമുണ്ട്. അങ്ങനെയാണ് ഈ സംഭവം ശ്രദ്ധയില്‍പെട്ടത്. ആ വയസായ മനുഷ്യന്‍ ഒരുമണിക്കൂറില്‍ കൂടുതലായി അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ഉടന്‍തന്നെ ഓഫീസിലേക്ക് വിളിച്ച് അദ്ദേഹത്തിന്റെ പേപ്പറുകള്‍ എത്രയുംവേഗം ശരിയാക്കി നല്‍കാന്‍ ആവശ്യപ്പെട്ടു,’ ലോകേഷ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് ഇങ്ങനെ പറഞ്ഞു.

‘പേപ്പര്‍ ശരിയാക്കണം എന്ന ആവശ്യം മാത്രമാണ് ഉദ്യോഗസ്ഥര്‍ മുഖവിലയ്‌ക്കെടുത്തത്, അല്ലാതെ മുന്നിലുള്ളവരോട് മനുഷ്യത്വത്തോടെ പെരുമാറണം എന്ന് അവര്‍ അപ്പോഴും മനസിലാക്കിയില്ല. ആ വൃദ്ധനോട് ഇരിക്കാന്‍ പോലും അവര്‍ ആവശ്യപ്പെട്ടില്ല. ഓഫീസിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ പോലും ഇത് കണ്ടില്ലെന്ന് നടിച്ചിരിക്കുകയായിരുന്നു. ഉടന്‍ തന്നെ ഞാന്‍ ആ ഓഫീസിലെത്തി. അവര്‍ ചെയ്തതില്‍ തെറ്റില്ല എന്ന സമീപനം എടുത്തതോടെയാണ് ആ വൃദ്ധന്‍ അനുഭവിച്ച വിഷമം അവരും മനസിലാക്കണം എന്ന് ഞാന്‍ തീരുമാനിച്ചത്,’ ലോകേഷ് പറഞ്ഞു.

’20 മിനിറ്റ് എഴുന്നേറ്റ് നിന്ന് ജോലി ചെയ്താല്‍ മതിയെന്ന് ഞാന്‍ അവരോട് പറഞ്ഞു. ആ 20 മിനിറ്റ്, അവിടെ എത്തിയ പരാതിക്കാരോട് ഉദ്യോഗസ്ഥര്‍ സംസാരിച്ചതും പേപ്പര്‍ വര്‍ക്കുകള്‍ ചെയ്തതുമെല്ലാം എഴുന്നേറ്റ് നിന്നുകൊണ്ട് തന്നെയാണ്,’ ഇത്, ജനങ്ങളോടുള്ള അവരുടെ സമീപനത്തില്‍ ചെറിയ മാറ്റമെങ്കിലും വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോകേഷ് പറഞ്ഞു. അതേസമയം, സി.ഇ.ഓ.യെ പ്രകീര്‍ത്തിച്ചും പരിഹസിച്ചും നിരവധി ആളുകള്‍ രംഗതതെത്തിയിട്ടുണ്ട്.

webdesk18: