പ്രവാചക നിന്ദ നടത്തുന്നവർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും കേന്ദ്ര സർക്കാർ ഇന്ത്യയുടെ പാരമ്പര്യത്തിന് കളങ്കം സൃഷ്ടിക്കരുതെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദ ആഗോള വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ഇന്ത്യക്കെതിരെ പ്രതിഷേധം കനക്കുകയും ചെയ്ത സാഹചര്യത്തിലാണ് തങ്ങളുടെ പ്രതികരണം. ബി.ജെ.പി വക്താവ് നടത്തിയ പ്രവാചക നിന്ദാ പരാമർശം മുസ്ലിം ജനവിഭാഗത്തെ അത്യധികം വേദനിപ്പിക്കുന്നതാണ്. ഇന്ത്യയിലും അന്താരാഷ്ട്രതലത്തിലും പരാമർശം വലിയ വിവാദങ്ങൾ സൃഷ്ടിച്ചതിനെ തുടർന്ന് ബി.ജെ.പി സംഘടനാതലത്തിൽ അവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. അതവരുടെ പാർട്ടി കാര്യം. എന്നാൽ ഇത്തരം അരുതായ്മകളെ നിയമപരമായി നേരിടാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.- തങ്ങൾ പറഞ്ഞു.
മുൻകാലങ്ങളിൽ ഇന്ത്യയുമായി അടുത്ത സുഹൃദ് ബന്ധം കാത്തുസൂക്ഷിച്ചിരുന്നവരായിരുന്നു അറബ് രാജ്യങ്ങൾ. പരാമർശത്തെ തുടർന്ന് അറബ് രാഷ്ട്രത്തലവൻമാർ ഇന്ത്യൻ പ്രതിനിധികളെ വിളിപ്പിച്ച് അമർഷം രേഖപ്പെടുത്തി. ഇത്തരം സാഹചര്യം മുമ്പെങ്ങുമില്ലാത്തതാണ്. ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിനും ഇന്ത്യൻ ജനാധിപത്യത്തിനും വലിയ കളങ്കം സൃഷ്ടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് മാതൃകാപരമായ ശിക്ഷ നൽകുകയാണ് വേണ്ടത്. -സാദിഖലി തങ്ങൾ വ്യക്തമാക്കി.