ന്യൂഡല്‍ഹി: ഇന്ത്യയില്‍ പറക്കുന്ന കാലഹരണപ്പെട്ട വിമാനങ്ങളുടെ സ്ഥിതി വിവരക്കണക്കുകള്‍ കൈവശമില്ലെന്ന് വ്യോമയാന മന്ത്രാലയം . ഇന്ത്യയില്‍ ഒരു വിമാനത്തിന്റെ ശരാശരി കാലപ്പഴക്കം15 വര്‍ഷമാണെന്നും രാജ്യസഭയില്‍ മുസ്‌ലിം ലീഗ് എം.പി അബ്ദുല്‍ വഹാബ് ഉന്നയിച്ച ചോദിച്ച ചോദ്യത്തിന് മന്ത്രാലയം മറുപടി നല്‍കി.
സാങ്കേതിക തകരാറുകള്‍ കാരണം ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ വ്യോമ സുരക്ഷാ അപകടങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന സാഹചര്യത്തിലാണ് വിഷയം ഉന്നയിച്ചത്. വിവിധ എയര്‍ലൈനുകളുടെ കൈവശമുള്ള പ്രവര്‍ത്തന കാലയളവ് കഴിഞ്ഞ വിമാനങ്ങളുമായി ബന്ധപ്പെട്ട് വഹാബ് ചോദിച്ച പ്രത്യേക ചോദ്യങ്ങള്‍ക്ക് മന്ത്രാലയം മറുപടി നല്‍കിയില്ല.
വിമാനങ്ങള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ടെങ്കിലും യാത്രക്കായി പറത്തുന്ന വിമാനങ്ങള്‍ക്ക് പ്രത്യേക കാലഹരണ പ്രായമൊന്നും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്ക് ടൈപ്പ് സര്‍ട്ടിഫിക്കറ്റിന് സാധുതയുള്ളതും വിമാനത്തിന്റെ തുടര്‍ച്ചയായ പ്രവര്‍ത്തനത്തിനായി നിര്‍മ്മാതാവ് നല്‍കുന്ന പ്രൊഡക്ഷന്‍, മെയിന്റനന്‍സ് സപ്പോര്‍ട്ടിന് കീഴിലായിരിക്കുന്നതും വരെ പ്രവര്‍ത്തിക്കാം. കാലഹരണപ്പെടുന്നതിന് മുമ്പ് ഒരു വിമാനം എത്ര വര്‍ഷം പ്രവര്‍ത്തിക്കാം എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: സ്‌പെയര്‍ പാര്‍ട്‌സ് ലഭ്യതക്കുറവ്, അറ്റകുറ്റപ്പണി സാധ്യമല്ലാത്ത വിധം ഉപയോഗരഹിതമാവുക, ഉപയോഗത്തില്‍ നിന്ന് ശാശ്വതമായി പിന്‍വലിക്കുക എന്നീ കാരണങ്ങളാണ് വിമാനം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. വിമാനം ഇറക്കുമതി ചെയ്യാന്‍ പ്രെഷറൈസ്ഡ് എയര്‍ക്രാഫ്റ്റ് ആണെങ്കില്‍ 18 വര്‍ഷത്തില്‍ കുറഞ്ഞ പഴക്കമോ 65 ശതമാനത്തിനു മുകളില്‍ ഇക്കണോമിക് ലൈഫോ നിര്‍ബന്ധമാണ്.നോണ്‍പ്രഷറൈസ്ഡ് വിമാനങ്ങളുടെ ഇറക്കുമതി 20 വര്‍ഷം വരെ അനുവദനീയമാണ്. കാര്‍ഗോ ഓപ്പറേഷനുകള്‍ക്ക് 25 വര്‍ഷമോ 75 ശതമാനം ഇക്കണോമിക് ലൈഫോ ഉണ്ടായിരിക്കണം.