X
    Categories: indiaNews

ജസ്റ്റിസ് മുരളീധറിനെതിരെ പ്രതികാര നടപടി തുടര്‍ന്ന് കേന്ദ്രം

ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേയ്ക്ക് സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്ത ഡോ. എസ് മുരളീധറിന്റെ പേര് അംഗീകരിക്കാതെ കേന്ദ്ര സര്‍ക്കാര്‍. സെപ്തംബര്‍ 28ന് കൊളീജിയം കേന്ദ്രത്തിന് നല്‍കിയ പട്ടികയിലെ മറ്റ് നിയമന നിര്‍ദേശങ്ങള്‍ അംഗീകരിച്ചപ്പോഴാണ് ജസ്റ്റിസ് മുരളീധറിനെ തള്ളിയത്.

ജസ്റ്റിസ് പങ്കജ് മിത്തല്‍, ജസ്റ്റിസ് ഡോ. എസ് മുരളീധര്‍ എന്നിവരെ യഥാക്രമം രാജസ്ഥാന്‍, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരാക്കി സ്ഥലം മാറ്റുന്നത് സംബന്ധിച്ച് സെപ്റ്റംബര്‍ 28ന് സുപ്രീംകോടതി കൊളീജിയം പ്രമേയം കൊണ്ടുവന്നിരുന്നു.

ജസ്റ്റിസ് മുരളീധറിനെ അവഗണിച്ച് ജസ്റ്റിസ് മിത്തലിനെ സ്ഥലം മാറ്റുന്നത് സംബന്ധിച്ച് ഒക്ടോബര്‍ 11ന് നീതിന്യായ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ജസ്റ്റിസ് പി.ബി വരാലെ, ജസ്റ്റിസ് അലി മുഹമ്മദ് മാഗ്രേ എന്നിവരുടെ നിയമനങ്ങളും അംഗീകരിച്ചു. ജമ്മുകശ്മീര്‍ ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍ ഉടന്‍ രാജസ്ഥാ ന്‍ ചീഫ് ജസ്റ്റിസായി സ്ഥാനമേല്‍ക്കണമെന്ന് വിജ്ഞാപനം പുറപ്പെടുവിച്ചപ്പോള്‍ ജസ്റ്റിസ് മുരളീധറിന്റെ സ്ഥലം മാറ്റത്തെപ്പറ്റി എവിടെയും പരാമര്‍ശിച്ചില്ല. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ, അഭയ് വേമ, കപില്‍ മിശ്ര എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ അന്ന് ഡല്‍ഹി ചീഫ് ജസ്റ്റിസായിരുന്ന എസ് മുരളീധര്‍ ഉത്തരവിട്ടിരുന്നു.

1984ലെ സിഖ് കലാപത്തിന് സമാനമായൊരു സംഭവം നടക്കാന്‍ പാടില്ലെന്നായിരുന്നു എസ് മുരളീധര്‍ നിരീക്ഷിച്ചത്. ഇതാണ് ബിജെപി സര്‍ക്കാരിന് അദ്ദേഹത്തോടുള്ള അതൃപ്തിക്ക് കാരണം. ബിജെപി നേതാക്കള്‍ക്കെതിരെ നടപടിക്ക് ഉത്തരവിട്ട ദിവസം അര്‍ധരാത്രി തന്നെ ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലേക്ക് മാറ്റിയത് വിവാദമായിരുന്നു. അപൂര്‍വമായ സ്ഥലംമാറ്റമെന്നായിരുന്നു ബാര്‍ കൗ ണ്‍സിലിന്റെ പ്രതികരണം. ഇതില്‍ പ്രതിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി അഭിഭാഷകര്‍ ഒരു ദിവസം ജോലി ബഹിഷ്‌കരിച്ചു. അന്താരാഷ്ട്ര അഭിഭാഷക സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വിഷയത്തില്‍ കത്തെഴുതുകയും ചെയ്തു.

Test User: