സർക്കാർ ജീവനക്കാർ ആർ.എസ്.എസിന്റെ ഭാഗമാകാൻ പാടില്ലെന്ന വിലക്ക് നീക്കി കേന്ദ്രസർക്കാർ. 58 വർഷം പഴക്കമുള്ള വിലക്ക് നീക്കിയതിന്റെ ഉത്തരവ് കോൺഗ്രസ് പുറത്തുവിട്ടു. പേഴ്സണൽ ആന്റ് ട്രെയിനിങ് ഡിപ്പാർട്ട് ജൂലൈ ഒമ്പതിന് പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പ് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് എക്സിൽ പങ്കുവെച്ചു.
1966 ലാണ് ആർ.എസ്.എസിന്റെ പ്രവർത്തനങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കാളികളാകരുതെന്ന ഉത്തരവ് സർക്കാർ പുറത്തിറക്കുന്നത്. രാഷ്ട്രപിതാവ് മഹാത്മഗാന്ധിജിയെ 1948 ൽ വെടിവെച്ചുകൊന്നതിന് പിന്നാലെ ആർ.എസ്.എസിനെ നിരോധിക്കുകയും സർക്കാർ ജീവനക്കാരുമായി ബന്ധപ്പെട്ട സമാന ഉത്തരവിറക്കുകയും ചെയ്തിരുന്നു. പിന്നീട് ആ ഉത്തരവ് പിൻവലിച്ചിരുന്നു. പിന്നീട് 1966 ലാണ് സമാന ഉത്തരവ് കേന്ദ്ര സർക്കാർ പുറത്തിറക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് 58 വർഷം പഴക്കമുള്ള ഉത്തരവ് മോദി സർക്കാർ പിൻവലിക്കുന്നത്. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കുപുറമെ ആർ.എസ്.എസും പ്രധാനമന്ത്രി മോദിയും തമ്മിൽ തുടരുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരവ് പിൻവലിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. തർക്കങ്ങൾ അവസാനിപ്പിച്ച് ആർ.എസ്.എസുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് മോദിയുടെ ലക്ഷ്യമെന്ന് കോൺഗ്രസ് ആരോപിച്ചു.
അതേസമയം കേന്ദ്ര സർക്കാർ ഉത്തരവ് പിൻവലിച്ചതിനെ കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല. ബി.ജെ.പി നേതാവ് അമിത് മാളവ്യ ഉത്തരവ് എക്സിൽ പങ്കുവെച്ചെങ്കിലും പിന്നീട് അത് പിൻവലിച്ചു.