X

അന്നയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

അമിത ജോലി ഭാരം കാരണം യുവതിയുടെ ജീവന്‍ നഷ്ടമായെന്ന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കൊച്ചി കളമശ്ശേരി സ്വദേശി അന്ന സെബാസ്റ്റ്യനാണ് (26) താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. അന്ന ജോലി ചെയ്തിരുന്നത് ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയിലായിരുന്നു. ഈ കമ്പനിക്കെതിരെ അന്നയുടെ മാതാപിതാക്കള്‍ രംഗത്ത് വന്നിരുന്നു. മകളുടെ മരണം അമിത ജോലിഭാരം കാരണമാണെന്നാണ് മാതാപിതാക്കള്‍ ആരോപിച്ചത്. തൊഴില്‍ ചൂഷണത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് കേന്ദ്രതൊഴില്‍ മന്ത്രി പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ച് 19നാണ് അന്ന ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയുടെ പൂനെ ഓഫീസില്‍ ജോലിക്ക് കയറിയത്. അമിത ജോലി ഭാരമുണ്ടായിരുന്നിട്ടും അന്ന മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് അമ്മ കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയര്‍മാന്‍ രാജീവ് മേമാനിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു. ഇനി ഒരു കുടുംബത്തിനും ഇത്തരത്തിലൊരു അനുഭവം ഉണ്ടാകരുത് എന്ന് കരുതിയാണ് കത്തെഴുതുന്നതെന്നും അമ്മ പറഞ്ഞു.

കൊച്ചി സേക്രട്ട് ഹാര്‍ട്ട് കോളേജിലായിരുന്നു അന്നയുടെ കോളേജ് വിദ്യാഭ്യാസം. തുടര്‍ന്ന് സിഎ പരീക്ഷ പാസായി. ഇതിന് ശേഷമാണ് ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ അന്ന ജോലിക്ക് പ്രവേശിച്ചത്. ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചതില്‍ അന്ന വളരെയധികം സന്തോഷത്തിലായിരുന്നെന്നും അമ്മ പറഞ്ഞു.

 

webdesk13: