X

ദേശീയ പാതാ നിർമാണത്തിനിടെ ചെട്ടിയാർമാട്ടിൽ ഗുഹ കണ്ടെത്തി

കാലിക്കറ്റ് സർവകലാശാലാ ക്യാംപസിനടുത്ത ചെട്ടിയാര്‍മാട് എൻഎച്ചിൽ ആഴത്തിൽ നിർമിച്ച 6 വരി പാതയിൽ ഓട നിർമിക്കാൻ മണ്ണ് നീക്കവേ രണ്ടിടത്ത് ഗുഹ പ്രത്യക്ഷപ്പെട്ടു. മേൽപ്പാലത്തിന് അടുത്തായി റോഡിന്റെ 2 വശങ്ങളിലായാണ് ഗുഹ.

പൂർണമായി മണ്ണ് നീക്കിയെങ്കിലെ നീളവും വ്യാസവും വ്യക്തമായി അറിയൂ. അമ്പതോളം പേർക്ക് കടന്നു പോകാൻ പാകത്തിൽ വിശാലമാണ്. ഗുഹയുടെ സാന്നിധ്യത്തെക്കുറിച്ച് അറിവില്ലെന്ന് പഴമക്കാർ പറയുന്നു. ഗുഹ കണ്ടെത്തിയതിനെത്തുടർന്ന് തത്‌കാലം സ്ഥലത്ത് മണ്ണെടുക്കൽ നിർത്തി വെച്ചിരിക്കുകയാണ്.

യൂണിവേഴ്സിറ്റിയിലെ ചില ചരിത്ര വിദ്യാർഥികൾ കഴിഞ്ഞ സ്ഥലം സന്ദർശിച്ചു. വിശദ പരിശോധന നടത്തുമെന്ന് ചരിത്രകാരൻ ഡോ. പി.ശിവദാസൻ പറ‍ഞ്ഞു. ഗുഹയുടെ പഴക്കവും സ്വഭാവവും പ്രാധാന്യവും മറ്റും പരിശോധിച്ച ശേഷമേ പറയാനാകൂവെന്ന് അദ്ദേഹം അറിയിച്ചു. റോഡിന്റെ 2 വശങ്ങളിലായാണ് ഗുഹ. പരസ്പരം ബന്ധമുള്ള ഗുഹകൾ ആണെന്നാണ് നിഗമനം. 6 മീറ്ററിലേറെ താഴ്ചയിൽ റോഡ് നിർമിക്കുമ്പോൾ ഗുഹ കണ്ടിരുന്നില്ല.

എന്നാൽ, ഓടയ്ക്ക് പിന്നെയും ആഴത്തിൽ കുഴിയെടുത്തതോടെയാണ് ഗുഹകൾ പ്രത്യക്ഷപ്പെട്ടത്. റോഡ് പണി പുനരാരംഭിക്കേണ്ട സാഹചര്യത്തിൽ ഗുഹ സംബന്ധിച്ച് അതിവേഗം പരിശോധിച്ച് തീർപ്പുകൽപിക്കേണ്ട സാഹചര്യവും നിലവിലുണ്ട്.

ദേശീയ പാതാ നിർമാണത്തിനിടെ പലയിടങ്ങളിലായി ഇത്തരത്തിൽ ഗുഹകളും കല്ലറകളും കണ്ടെത്തിയത് വാർത്തയായിരുന്നു. കാക്കഞ്ചേരിയിൽ കല്ലറയും ഇടിമുഴിക്കലിൽ മനുഷ്യരുടെതെന്ന് സംശയിക്കുന്ന എല്ലുകളും കണ്ടെത്തിയിരുന്നു.

webdesk13: