X

മുസ്‌ലിം വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച കേസ്; കുട്ടിയുടെ വിദ്യാഭ്യാസ ചെലവുകൾക്ക് സ്പോൺസറെ കണ്ടെത്തണമെന്ന് സുപ്രീംകോടതി

ഉത്തർപ്രേദശിലെ മുസഫർനഗറിൽ അധ്യാപിക മുസ്‌ലിം വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിലെ ഇരയായ കുട്ടിയുടെ വിദ്യാഭ്യാസ ചെലവുകൾക്ക് സ്‌പോൺസറെ കണ്ടെത്തണമെന്ന് യു.പി സർക്കാരിനോട് സുപ്രീം കോടതി. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് കുട്ടി അതേ സ്കൂളിൽ തന്നെ തുടരുന്നുവെന്ന് സംസ്ഥാനം ഉറപ്പാക്കണമെന്നും പറഞ്ഞു.
‘കുട്ടിയുടെ വിദ്യാഭ്യാസച്ചെലവ് അവൻ്റെ സ്‌കൂൾ വിദ്യാഭ്യാസം അവസാനിക്കുന്നത് വരെ നോക്കണം. കുട്ടിക്ക് പഠന ചെലവുകൾ വഹിക്കാൻ പ്രാപ്തരായ സ്‌പോൺസറെ കണ്ടെത്തുകയും അവൻ അതേ സ്‌കൂളിൽ തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കുകയും വേണം,’ കോടതി പറഞ്ഞു. ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ യു.പി സർക്കാരിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചിരുന്നു.
കുട്ടിയുടെ പഠന ചെലവുകൾ വഹിക്കാൻ ഒരു സന്നദ്ധ സംഘടന തയ്യാറയിട്ടുണ്ടെന്ന് യു.പി അഭിഭാഷകൻ ഗരിമ പ്രസാദ് കോടതിയെ അറിയിക്കുകയായിരുന്നു. എന്നാൽ സന്നദ്ധ സംഘടനയുടെ വാഗ്ദാനമൊക്കെ അവ്യക്തമായ കാര്യമാണെന്നും കുട്ടിയുടെ സ്കൂൾ കാലം പൂർത്തിയാകും വരെ ചിലവുകൾ വഹിക്കാൻ ഒരു സ്‌പോൺസറെയാണ് കണ്ടത്തേണ്ടതെന്നും കോടതി പറയുകയായിരുന്നു.
മുസ്‌ലിം വിദ്യാർത്ഥിയെ തല്ലാൻ മറ്റ്‌ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചതിന് ത്രിപ്ത ത്യാഗി എന്ന സ്കൂൾ അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. വിഷയത്തിൽ സമയബന്ധിതവും സ്വതന്ത്രവുമായ അന്വേഷണവും മതന്യൂനപക്ഷ വിദ്യാർത്ഥികൾക്കെതിരായ അതിക്രമങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികളും തുഷാർ ഗാന്ധിയുടെ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം റിപ്പോർട്ട് ചെയ്തത്. മുസാഫർനഗറിലെ സ്‌കൂളിലെ അധ്യാപികയായ  ത്രിപ്ത ത്യാഗി തൻ്റെ വിദ്യാർത്ഥികളോട് മുസ്‌ലിം വിദ്യാർത്ഥിയെ തല്ലാൻ ആവശ്യപ്പെടുകയും കുട്ടിക്കെതിരെ വർഗീയ അധിക്ഷേപം നടത്തുകയും ചെയ്യുകയായിരുന്നു. കുട്ടിയെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവം വൻ പ്രതിഷേധത്തിന് ഇടയാക്കി. മുഖത്തടിയേറ്റ കുട്ടിയെ മാതാപിതാക്കൾ സർക്കാർ സ്കൂളിൽ നിന്ന് മാറ്റി സ്വകാര്യ സ്കൂളിൽ ചേർത്തിരുന്നു.

webdesk13: