X

മതവിദ്വേഷം വളര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസ്; മറുനാടന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്ക് ഹൈക്കോടതി വിമര്‍ശനം

മതവിദ്വേഷം വളര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസിലെ ജാമ്യ ഉത്തരവില്‍ ഇളവ് തേടി നല്‍കിയ ഹര്‍ജിയില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് ഹൈക്കോടതി വിമര്‍ശനം. കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിലാണ് കോടതി വിമര്‍ശിച്ചത്. ഹര്‍ജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജന്‍ സ്‌കറിയയുടേതെന്നും ജസ്റ്റിസ് കെ ബാബു വിമര്‍ശിച്ചു. മതവിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഷാജന് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നിര്‍ദ്ദേശത്തോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. എന്നാല്‍ അമ്മയുടെ അസുഖം കാരണം ഹാജരാകാന്‍ കഴിയില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ഷാജന്‍ ആവശ്യപ്പെട്ടത്. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും

ഷാജന്‍ സ്‌കറിയക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. നിലമ്പൂര്‍ പൊലീസെടുത്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ആഗസ്റ്റ് മാസം 17ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ജസ്റ്റിസ് കെ ബാബുവാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. നിലമ്പൂര്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്‌കറിയ നല്‍കിയ പരാതിയില്‍ ആയിരുന്നു ഷാജന്‍ സ്‌കറിയക്കെതിരെ പൊലീസ് കേസെടുത്തത്.

ഷാജന്‍ സ്‌കറിയയെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകന്‍ ജി. വിശാഖന്റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് നടപടിയെ ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. പ്രതി അല്ലാത്ത ആളുടെ മൊബൈല്‍ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. അദ്ദേഹം ഒരു മാധ്യമപ്രവര്‍ത്തകനാണ്. ക്രിമിനല്‍ കേസില്‍ പ്രതിയാണെങ്കില്‍ കോടതിക്ക് മനസിലായേനെ എന്നും കോടതി പറഞ്ഞിരുന്നു. ഫോണ്‍ പിടിച്ചെടുത്ത നടപടിയില്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. മാധ്യമപ്രവര്‍ത്തകന്റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

അതുപോലെ തന്നെ ഷാജന്‍ സ്‌കറിയയെ ചോദ്യം ചെയ്യുന്നതിന് മുന്‍കൂറായി നോട്ടീസ് നല്‍കി വിളിപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുന്നുണ്ടെങ്കില്‍ പൊലീസ് പത്ത് ദിവസം മുന്‍പ് നോട്ടീസ് നല്‍കണം. തനിക്കെതിരെ പൊലീസ് അകാരണമായി കേസ് രജിസ്റ്റര്‍ ചെയ്യുന്നുവെന്നും നോട്ടീസ് നല്‍കാതെ അറസ്റ്റിലേക്ക് കടക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സാജന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറത്തുവിട്ടത്.

 

webdesk13: