മുഖ്യമന്ത്രി പിണറായി വിജയന്‍ നയിച്ച നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു നേതാക്കളെ വളഞ്ഞിട്ടു തല്ലിയ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിനെയും സുരക്ഷാജീവനക്കാരന്‍ സന്ദീപിനെയും കുറ്റവിമുക്തരാക്കി ജില്ലാ ക്രൈം ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളി. അക്രമസംഭവത്തില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു.
സംഭവത്തില്‍ തെളിലുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു. ഹര്‍ജിക്കാരായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ് എന്നിവരുടെ അഭിഭാഷകന്റെ വാദം കോടതി നേരത്തെ കേട്ടിരുന്നു.
മുന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മുഖ്യമന്ത്രിയുടെ സുരക്ഷാജീവനക്കാര്‍ രാഷ്ട്രീയവിരോധം തീര്‍ക്കുകയായിരുന്നെന്നും മര്‍ദനത്തെ കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി കാണരുതെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. മര്‍ദ്ദന ദൃശ്യങ്ങളും കോടതിക്ക് കൈമാറിയിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 15നാണ് അജയ് ജുവല്‍ കുര്യാക്കോസിനെയും എ ഡി തോമസിനെയും സുരക്ഷാജീവനക്കാര്‍ വളഞ്ഞിട്ടുതല്ലിയത്. ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു മര്‍ദ്ദനം.