X

ഗവര്‍ണറുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച കേസ്: പ്രതികളായ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച കേസില്‍ പ്രതികളായ 7 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് 7 പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയത്. പ്രതികള്‍ക്കെതിരായി ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

നേരത്തെ ഗവര്‍ണറുടെ വാഹനം തടഞ്ഞ കേസില്‍ 6 പ്രതികളെ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കേസിലെ ആറാം പ്രതി അമല്‍ ഗഫൂറിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. പിറ്റേന്ന് പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. കണ്‍ന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

കേസില്‍ പ്രതികള്‍ക്കെതിരെ 124 ചുമത്തിയതുമായി ബന്ധപെട്ട് വാദത്തിനിടെ കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണറുടെ ഔദ്യോഗിക ചുമതല തടസ്സപ്പെടുത്തിയോ എന്നായിരുന്നു കോടതി ആരാഞ്ഞിരുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇല്ലാത്തതും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഗവര്‍ണറുടെ എന്ത് ഒഫീഷ്യല്‍ ഡ്യൂട്ടിയാണ് തടസ്സപ്പെട്ടതെന്ന് വിശദമാക്കാനും പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ക്കെതിരെ ചുമത്തിയ ഐപിസി 124 നിലനില്‍ക്കുമോ ഇല്ലയോ എന്ന വിഷയത്തില്‍ കൂടിയാണ് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചതിലൂടെ കോടതി വ്യക്തത വരുത്തിയിരിക്കുന്നത്.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഐ.പി.സി 124 ചുമത്തി കണ്‍ന്റോണ്‍മെന്റ് പൊലീസ് നേരത്തെ കേസ് എടുത്തിരുന്നു. രാഷ്ട്രപതി, ഗവര്‍ണര്‍ തുടങ്ങിയ വ്യക്തികളെ ആക്രമിക്കുകയോ തടയുകയോ ചെയ്യുന്നതിനെതിരെ ചുമത്തുന്നതാണ് ഈ വകുപ്പ്. 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

 

webdesk13: