X

സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ മന്ത്രിസഭയ്‌ക്കും ആഭ്യന്തര വകുപ്പിനും രൂക്ഷ വിമർശനം

സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ മന്ത്രിസഭയ്‌ക്കും ആഭ്യന്തര വകുപ്പിനും അതിരൂക്ഷ വിമർശനം. പൊലീസിന്‍റെ വീഴ്ചകൾ അവസാനിപ്പിക്കാൻ ആഭ്യന്തരവകുപ്പിന് കഴിയുന്നില്ലെന്ന് പ്രതിനിധികൾ. കരുനാഗപ്പള്ളിയിലെ വിഭാഗീയത രൂക്ഷമായതിൽ ജില്ലാ നേതൃത്വത്തിനും പങ്കെന്നും വിമർശനം. ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും.

രണ്ടാം ദിനത്തിലെ പ്രതിനിധി ചർച്ചയിലാണ് ആഭ്യന്തരവകുപ്പിനും സംസ്ഥാന മന്ത്രിസഭയ്ക്കും ജില്ലാ നേതൃത്വത്തിനും എതിരെ പ്രതിനിധികൾ രംഗത്തെത്തിയത്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്‍റെ കെടുകാര്യസ്ഥതയെ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ്

മർദിച്ച വിഷയം ഉൾപ്പെടെ ഉന്നയിച്ച ആയിരുന്നു വിമർശനം. പൊലീസിനെ നിലയ്ക്ക് നിര്‍ത്താൻ വകുപ്പ് കൈകാര്യം ചെയ്യുന്നവർക്ക് സാധിക്കുന്നില്ല എങ്കിൽ പാർട്ടി ഇടപെടണം എന്ന് അംഗങ്ങൾ. രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് മുൻ പരിചയം ഉള്ളവരെ ഒഴിവാക്കിയത് തിരിച്ചടിയായി. പുതുമുഖങ്ങളെ മാത്രം ഉൾപ്പെടുത്തിയ മന്ത്രിസഭ പരാജയം എന്നും അഞ്ചാലുംമൂട്ടിൽ നിന്നുള്ള പ്രതിനിധികൾ വിമർശിച്ചു. ഒന്നിനുപുറകെ ഒന്നായി വിവാദങ്ങൾ ഉണ്ടാക്കുന്ന കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജനെ നേതൃത്വം ഇടപെട്ട് നിലയ്ക്കു നിർത്തണമെന്നും ആവശ്യം ഉയർന്നു.

കരുനാഗപ്പള്ളിയിലെ വിഭാഗീയതയിൽ നടപടി എടുക്കേണ്ട ജില്ലാ നേതൃത്വം ഒരു പക്ഷത്തോടൊപ്പം നിന്നു. തെറ്റ് തിരുത്തി മുന്നോട്ട് കൊണ്ട് പോകുന്നതിനു പകരം ഏരിയ കമ്മിറ്റി പിരിച്ചുവിടുക എന്ന ലക്ഷ്യം നടപ്പിലാക്കാനാണ് നേതൃത്വം ശ്രമിച്ചതെന്ന് പുനലൂർ, കൊല്ലം ഈസ്റ്റ്, കുണ്ടറ, കൊട്ടാരക്കര ഏരിയകളിലെ പ്രതിനിധികൾ.ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. നിലവിലെ ജില്ലാ സെക്രട്ടറി എസ് സുദേവൻ തുടർന്നേക്കും. കരുനാഗപ്പള്ളിയിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളെ മാറ്റി നിർത്താൻ തന്നെയാണ് സാധ്യത.

webdesk13: