കോട്ടയം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ആരംഭിക്കാനിരുന്ന ബസ് പണിമുടക്ക് പിന്‍വലിച്ചു. ബസ് ഓപ്പറേറ്റേഴ്‌സ് സംഘടന പ്രതിനിധികളുമായി മന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 18 നകം തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു. രാത്രി വൈകി കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിലായിരുന്നു ചര്‍ച്ച. 12 മണിക്കാണ് ചര്‍ച്ച പൂര്‍ത്തിയായത്. നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ചര്‍ച്ച. വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ സബ്‌സിഡി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചത്.
ബസ് ഓപ്പറേറ്റേഴ്‌സ് സംഘടന പ്രതിനിധികളായ റ്റി. ഗോപിനാഥന്‍, ഗോകുലം ഗോകുല്‍ദാസ്, ലോറന്‍സ് ബാബു, ജോണ്‍സണ്‍ പയ്യപ്പള്ളി, സി.എം. ജയാനന്ദ്, ബാബുരാജ്, ജോസ് ആട്ടോക്കാരന്‍, ജോസ് കുഴുപ്പില്‍, എ.ഐ. ഷംസുദ്ദീന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.