X

ലക്ഷങ്ങള്‍ മുടക്കി കെട്ടിടം ഉണ്ടാക്കി; പക്ഷേ മന്ത്രിക്ക് ഉദ്ഘാടനം ചെയ്യാന്‍ സമയമില്ല, ഭീതിയുടെ നടുവില്‍ വില്ലേജ് ഓഫീസ്

ഇടുക്കിയിലെ ഉടുമ്പന്‍ചോലയില്‍ ലക്ഷങ്ങള്‍ മുടക്കി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മിച്ചത് ഉദ്ഘാടനം ചെയ്യാത്തത് ജീവനക്കാര്‍ക്ക് പ്രതിസന്ധി. ഒരു മാസം മുന്‍പ് വൈദ്യുതി കണക്ഷനടക്കം കിട്ടിയ വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യാത്തതാണ് കാരണം. മന്ത്രിയുടെ സമയം ലഭിക്കാത്തതിനാലാണ് ഉദ്ഘാടനം വൈകുന്നതെന്നാണ് വിവരം. ഇതുമൂലം കാടിന് നടുവിലെ പഴയ കെട്ടിടത്തിലാണ് ചതുരംഗപ്പാറ വില്ലേജ് ഓഫീസ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. കാട്ടാനകളെയും പാമ്പുകളെയും ഭയന്നാണ് ഒറ്റപ്പെട്ട സ്ഥലത്തെ ഓഫീസില്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നത്.

ചതുരംഗപ്പാറ വില്ലേജ് രൂപീകരിച്ചത് 1956 ലാണ്. 1984 ല്‍ നിര്‍മ്മിച്ച കെട്ടിടത്തിലാണ് ഇപ്പോള്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സേനാപതി പഞ്ചായത്തിലെ വട്ടപ്പാറ മുതല്‍ ഉടുമ്പന്‍ചോല പഞ്ചായത്തിലെ ആനക്കല്ല് വരെയുള്ള വിസ്തൃതമായ പ്രദേശമാണ് ചതുരംഗപ്പാറ വില്ലേജ് ഓഫിസിന്റെ പരിധി.

നാട്ടുകാര്‍ക്ക് ഈ വില്ലേജ് ഓഫീസിലെത്താന്‍ കടമ്പകളേറെയുണ്ട്. ഉടുമ്പന്‍ചോലയില്‍ നിന്ന് 100 രൂപ മുടക്കി ഓട്ടോറിക്ഷ വിളിച്ചാലേ ചതുരംഗപ്പാറയിലെത്താനാവൂ. ചായ കുടിക്കാനും ഫോട്ടോസ്റ്റാറ്റ് എടുക്കാനും ഉടുമ്പന്‍ചോലയിലേക്ക് തിരികെ പോകണം. ഏലത്തോട്ടങ്ങള്‍ക്ക് നടുവിലാണ് ഓഫീസ്. ഇവിടെ പല തവണ കാട്ടാന കൂട്ടം എത്തിയിട്ടുണ്ട്. തോട്ടപ്പുഴുവിന്റെയും പാമ്പിന്റെയും ശല്യവും രൂക്ഷമാണ്. മഴ കനത്താല്‍ വൈദ്യുതിയും ഇന്റര്‍നെറ്റും കിട്ടില്ല. പത്തു ദിവസം വരെ സര്‍ട്ടിഫിക്കറ്റുകളൊന്നും നല്‍കാന്‍ കഴിഞ്ഞില്ല. മൊബൈല്‍ റേഞ്ച് കുറവായതിനാല്‍ ജീവനക്കാരുടെ വൈഫൈ ഉപയോഗിച്ച് പോലും അത്യാവശ്യ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനാകുന്നില്ല. അഞ്ച് ജീവനക്കാരുള്ള ഓഫീസില്‍ ആവശ്യത്തിന് ഫര്‍ണിച്ചറുകളുമില്ല. പൊളിഞ്ഞ കതകിന്റെ പലകയിലാണ് ഫയലുകളൊക്കെ സൂക്ഷിക്കുന്നത്. രണ്ടു ദിവസം അവധിയായാല്‍ ഫയലുകള്‍ ചിതലരിക്കും. ഈ സാഹചര്യത്തിലാണ് കെട്ടിടം ഉദ്ഘാടനം വേഗത്തിലാക്കണമെന്ന് ആവശ്യം ഉയരുന്നത്.

webdesk13: