കല്യാണം നടത്തിയതിന്റെ ഫീസ് ചോദിച്ചതിന് ബ്രോക്കറുടെ തലയടിച്ച് പൊട്ടിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റിലായി. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലാണ് സംഭവം. വധശ്രമ കേസിലാണ് അരിവാളം സ്വദേശികളായ ഷക്കീര്‍, റിബായത്ത്, നാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
റിബായത്തിന്റെ മകന്റെ കല്യാണം നടത്തിയത് കല്യാണ ബ്രോക്കറായ റീസലായിരുന്നു. കല്യാണത്തിന് ശേഷം റീസല്‍ ബ്രോക്കര്‍ ഫീ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫീസ് നല്‍കാന്‍ സഹോദരങ്ങളായ ഷക്കീര്‍, റിബായത്ത്, നാസ് എന്നിവര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ മൂന്നുപേരും ചേര്‍ന്ന് റീസലിനെ ആക്രമിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നടുറോഡില്‍വെച്ച് റീസലിനെ ഷക്കീര്‍, റിബായത്ത്, നാസ് എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചത്. ആക്രമണത്തില്‍ റീസലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതോടെ ഇയാളെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതിനിടെ റീസല്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. വധശ്രമം ഉള്‍പ്പടെ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.