ആശ്രാമം മൈതാനത്തെ ഒന്നാം വേദി ഒരുനിമിഷം ഒന്ന് സ്തബ്ധമായി. എച്ച്.എസ് ഒപ്പന മുന്നേറുന്നതിനിടയിൽ തോഴിമാരിലൊരാൾ ദാ വീഴുന്നു താഴെ. കുട്ടി വീണത് കണ്ട് സ്ട്രക്ചറുമായി ഓടിയെത്തിയ മെഡിക്കൽ സംഘം കളി എങ്ങനെ മുടക്കുമെന്ന് അറിയാതെ നിൽക്കുന്നു. ഒടുവിൽ പാതിവഴിയിൽ പാട്ടുനിർത്തി കൂട്ടുകാർ അവൾക്ക് കരുതലൊരുക്കി.
ഇന്നലെ ഒപ്പന വേദിയിൽ രാത്രി എട്ടോടെയായിരുന്നു കളിക്കിടയിൽ കുട്ടി കുഴഞ്ഞുവീണത്. ആദ്യ കുട്ടി വീണ് കർട്ടനിട്ടതോടെ അതേ ടീമിലെ മറ്റ് രണ്ട് പേർ കൂടി വീണു. ആലപ്പുഴ സെന്‍റ് ജോസഫ് ഗേൾസ് എച്ച്.എസ്.എസ് സംഘത്തിനാണ് കളിക്കാരി കുളഞ്ഞുവീണതിനെ തുടർന്ന് കളി പാതിയിൽനിർത്തേണ്ടി വന്നത്.
ടീമിലെ എൻ. ആസ്യയാണ് ആദ്യം സ്റ്റേജിൽ വീണത്. പിന്നാലെ അൻസിയയും വീണു. കൂട്ടത്തിൽ മറ്റൊരാളും. ഇവർക്കെല്ലാം വേദിക്ക് പിന്നിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സംഘം പ്രഥമ ശുശ്രൂഷ നൽകിയപ്പോഴേക്കും സ്ഥിതി സാധാരണ നിലയിലെത്തി.
കഥ ഇവിടെ തീരുന്നില്ല, ഈ സംഘം വീഴുന്നതിന് മുമ്പ് 45 പേരാണ് വിവിധ ഒപ്പന ടീമുകളിൽ നിന്നായി കുഴഞ്ഞു വീണും അസ്വസ്ഥത പ്രകടിപ്പിച്ചും മെഡിക്കൽ സഹായം തേടിയത്. അവരെല്ലാം ഒപ്പന പൂർത്തിയായ ശേഷം വീണു എന്നത് മാത്രം വ്യത്യാസം.
ഇതിനു ശേഷവും ഇരുപതോളം കുട്ടികൾ കുഴഞ്ഞെത്തി. കൂട്ടത്തിൽ ഒരു മണവാട്ടിയും കുഴഞ്ഞുവീണു. മൊഞ്ചത്തിമാരെ മുഴുവൻ കുഴക്കുന്നതായി അങ്ങനെ ഒപ്പന. എന്നാൽ, ആരെയും ഇതിന്‍റെ പേരിൽ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നില്ല.
കാലിന് ഉളുക്കുണ്ടായ കുട്ടിയെ മാത്രം എക്സ്റേ എടുക്കാൻ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഒപ്പന ആടയാഭരണത്തിൽ ഉൾപ്പെട്ട അരപ്പെട്ടയാണ് കുട്ടികൾക്ക് കൂടുതൽ പ്രശ്നമാക്കിയതെന്നാണ് ഡി.എം.ഒ ഡോ. വസന്തദാസ് പറഞ്ഞു.
ഇറുകി കെട്ടിയ അരപ്പട്ടയുമായി ആടിക്കളിച്ച കുട്ടികൾ ശ്വാസംകിട്ടാതെ കുഴയുകയായിരുന്നു. മെഡിക്കൽ സംഘം അരപ്പട്ട മുറിച്ചെടുത്താണ് കുട്ടികൾക്ക് ഉടൻ ആശ്വാസം നൽകിയത്. വേഷവിധാനത്തിൽ ഏറെ നേരം കാത്തിരിക്കേണ്ടി വന്നതും കുട്ടികളെ കുഴച്ചിരുന്നു.