X

ജീവശ്വാസം തീരുന്നു; കടലാഴത്തിലെ അഞ്ച് പേരെ കണ്ടെത്താന്‍ തീവ്രശ്രമം, ഏക പ്രതീക്ഷ ഇനി വിക്ടര്‍ 6000

ടൈറ്റാനിക് കാണാന്‍ ആഴക്കടലിലേക്കു പോയ ‘ഓഷന്‍ഗേറ്റ് ടൈറ്റന്‍’ പേടകത്തിനായുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. പേടകത്തിലുള്ള അഞ്ചു പേര്‍ക്ക് ജീവന്‍ നിലര്‍ത്താനുള്ള ഓക്‌സിജന്‍ കുറച്ചു സമയം കൂടി മാത്രമാണ് ബാക്കിയെന്നും അതല്ല ഓക്‌സിജന്‍ തീര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പേടകം കണ്ടെത്താന്‍ കടലിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിയ റോബട്ടിക് പേടകം തീവ്രമായി ശ്രമിക്കുകയാണ്. പേടകത്തിലുള്ളവരെ രക്ഷിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും യുഎസ് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.

പ്രതീക്ഷകള്‍ മങ്ങുന്ന മിഷന്‍ ടൈറ്റനില്‍ വെള്ളി വെളിച്ചമേകാന്‍ വരുന്നു വിക്ടര്‍ 6000. അന്തര്‍വാഹിനികള്‍ക്ക് എത്താന്‍ കഴിയുന്നതിനേക്കാള്‍ ആഴത്തില്‍ സമുദ്രത്തില്‍ പരിശോധന നടത്താന്‍ പ്രാപ്തിയുള്ള അണ്ടര്‍വാട്ടര്‍ റോബോട്ട് വിക്ടര്‍ 6000, കാണാമറയത്തായ ടൈറ്റനെ തിരികെയെത്തിക്കുമെന്നാണ് വിദഗ്ധര്‍ പ്രത്യാശിക്കുന്നത്. 20,000 അടി വരെ ആഴത്തില്‍ ചൂഴ്ന്നിറങ്ങാന്‍ കഴിയുന്ന വിക്ടറിന് എത്ര കുടുങ്ങി കിടക്കുന്നു കപ്പലുകളെ വരെ രക്ഷപ്പെടുത്താന്‍ നിഷ്പ്രയാസം കഴിയും.

ആര്‍എംഎസ് ടൈറ്റാനിക്കിന്റെ ഭീമന്‍ പ്രൊപല്ലറുകള്‍ക്കിടയില്‍ ടൈറ്റന്‍ കുടുങ്ങി കിടക്കുകയാകാമെന്ന സംശയം നിലനില്‍ക്കെ, വിക്ടറിന്റെ വരവ് നല്‍കുന്ന ആശ്വാസം ചെറുതല്ല. നാലര ടണ്‍ ഭാരമുണ്ട് വിക്ടറിന്. വിക്ടറിന് ടൈറ്റനെ കണ്ടെത്താന്‍ സാധിക്കുകയാണെങ്കില്‍ ടൈറ്റനെ ഉപരതലത്തിലേക്ക് എത്തിക്കാന്‍ ഒരുപക്ഷേ സാധിക്കില്ലായിരിക്കും, പക്ഷേ ടൈറ്റനെ ഉപരിതലത്തില്‍ നിന്ന് കേബിളുമായി ബന്ധിപ്പിക്കാന്‍ വിക്ടറിന് സാധിക്കും.

ഫ്രഞ്ച് കപ്പലായ അറ്റലാന്റെയില്‍ ഇരുന്ന് 25 അംഗ സംഘമാണ് വിക്ടറിനെ നിയന്ത്രിക്കുന്നത്. 72 മണിക്കൂര്‍ വരെ നിര്‍ത്താതെ കര്‍മനിരതരാകുന്നതാണ് ഈ 25 അംഗ സംഘം. അറ്റ്‌ലാന്റെയില്‍ നിന്ന് 8കിമി നീളത്തിലുള്ള കേബിളാല്‍ ബന്ധിപ്പിക്കപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിക്ടറിനും നോണ്‍സ്‌റ്റോപ്പായി പണിയെടുക്കാന്‍ സാധിക്കും. മണിക്കൂറില്‍ ഒരു കിമി വേഗതയിലാണ് വിക്ടര്‍ നീങ്ങുക. 1999 ല്‍ 1,30,000 യൂറോ ചെലവിലാണ് വിക്ടര്‍ നിര്‍മിക്കപ്പെട്ടത്.

ആഴക്കടല്‍ പര്യവേഷണങ്ങള്‍ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് ടൈറ്റന്‍. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാര്‍ഡിംഗ്, പാകിസ്താനി ടൈക്കൂണ്‍ ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകന്‍ സുലൈമാന്‍, സബ്‌മെര്‍സിബിള്‍ കമ്പനിയുടെ സിഇഒ, ഒരു പൈലറ്റ് എന്നിവരാണ് അന്തര്‍വാഹിനിയില്‍ ഉണ്ടായിരുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണുന്നതിനായുള്ള എട്ടു ദിവസത്തെ പര്യവേഷണത്തിനാണ് സഞ്ചാരികള്‍ പോയത്. 2,50,000 ഡോളറുകളാണ്ഓരോ സഞ്ചാരിയും ഈ അതിസാഹസിക യാത്രയ്ക്കായി നല്‍കിയത്.

 

 

webdesk13: