കൊച്ചി പാലാരിവട്ടത്ത് നടുറോഡില്‍ കത്തിയുമായി യുവാവിന്റെ പരാക്രമം. പാലാരിവട്ടം സംസ്‌കാര ജംഗ്ഷനില്‍ അര്‍ദ്ധ രാത്രിയോടെയാണ് യുവാവും വനിതാ സുഹൃത്തും ആക്രമണം നടത്തിയത്. സംഭവത്തില്‍ പാലാരിവട്ടം സ്വദേശിയായ പ്രവീണ്‍, സുഹൃത്ത് കോഴിക്കോട് സ്വദേശി റസ്ലി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
നടുറോഡില്‍ കത്തിയുമായി പരാക്രമം നടത്തിയ യുവാവിനെതിരെ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ പൊലീസിന് നേരെ യുവാവും വനിതാ സുഹൃത്തും ചേര്‍ന്ന് ആക്രമണം നടത്തുകയായിരുന്നു. പൊലീസ് വാഹനത്തിന്റെ ചില്ലുകള്‍ ഇവര്‍ അടിച്ചു തകര്‍ത്തു. മട്ടാഞ്ചേരി കരിവേലിപ്പടിയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ ഗ്ലാസ് തല്ലി തകര്‍ത്തു. മൂന്ന് കാറുകളുടെയും ഒരു ഓട്ടോയുടെയും ആണ് ഗ്ലാസ് തകര്‍ത്തത്. ഇരുവരും കഞ്ചാവ് കേസുകളില്‍ അടക്കം പ്രതികളാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.