ന്യൂഡല്‍ഹി: ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ വിതരണത്തിനായി കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ആദ്യം നല്‍കിയ വാക്‌സിന്‍ തന്നെയാണ് മൂന്നാം ഡോസ് ബൂസ്റ്ററായും നല്‍കേണ്ടത്. ഇതുപ്രകാരം കൊവിഷീല്‍ഡ് ഒന്നും രണ്ടും ഡോസ് സ്വീകരിച്ചവര്‍ക്ക് ബുസ്റ്ററായി കൊവിഷീല്‍ഡും കൊവാക്‌സിന്‍ ഒന്നും രണ്ടും സ്വീകരിച്ചവര്‍ക്ക് ബൂസ്റ്ററായി കൊവാക്‌സിനും നല്‍കണം. നീതി ആയോഗ് അംഗം ഡോ. വി.കെ. പോളാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ വാക്‌സിനുകളുടെ മിക്‌സ് ആന്‍ഡ് മാച്ചിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെങ്കിലും മിക്‌സ് ആന്റ് മാച്ച് ചെയ്യുന്നതില്‍ തത്വത്തി ല്‍ പ്രശ്‌നമില്ലെന്ന് ഡോ. പോള്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മുന്‍നിര പ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമുള്ള ബൂസ്റ്റര്‍ ഡോസ് വിതരണം ഈമാസം 10 മുതല്‍ ആരംഭിക്കും.
മോഡേണയും ജോണ്‍സണ്‍ ആന്റ് ജോണ്‍സണും ഉള്‍പ്പെടെ എട്ട് വാക്‌സിനുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കൊവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവ മാത്രമേ രാജ്യത്ത് പൊതുവെ ഉപയോഗിച്ചിട്ടുള്ളൂ. അതേസമയം കോവിഡ് പ്രതിരോധത്തിനുള്ള നേസല്‍ വാക്‌സിന് ഡ്രഗ്‌സ് അതോറിറ്റി വിദഗ്ധ സമിതിയുടെ പരീക്ഷണാനുമതി ലഭിച്ചു.