കോഴിക്കോട് ഓവുചാലില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കോവൂരില്‍ ഓവുചാലില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി. കോവൂര്‍ സ്വദേശി കളത്തിന്‍പൊയില്‍ വീട്ടില്‍ ശശിയാണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം നടന്നത്.

കനത്തമഴയില്‍ കോവൂര്‍ എംഎല്‍എ റോഡിലെ ഓവുചാലിലാണ് ശശിയെ കാണാതായത്. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ പെട്ടാണ് ഇയാള്‍ ചാലിലേക്ക് വീണത്. ഓടയുടെ സ്ലാബില്ലാത്ത ഭാഗത്തിലൂടെ ഇയാള്‍ വീണ സമയം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ കൈപിടിച്ച് രക്ഷിക്കാന്‍ നോക്കിയെങ്കിലും ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെയും പൊലീസിനെയും വിവരമറിയിച്ചു. രാത്രി ഒരു മണി വരെ ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. ഇന്ന് രാവിലെ ഏഴു മണിക്ക് വീണ്ടും തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരിച്ചിലിലാണ് ഇഖ്‌റ ക്ലിനിക്കിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. കാല്‍വഴുതി വീണ സ്ഥലത്ത് നിന്ന് 300 മീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

 

webdesk17:
whatsapp
line