ദുബൈയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഇരുപതുകാരി വ്‌ളോഗര്‍ റിഫ മെഹ്‌നുവിയുടെ മൃതദേഹം വ്യാഴാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിക്കും. ബുധനാഴ്ച രാത്രി 11ന് ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വിമാനത്തിലാണ് മൃതദേഹം എത്തിക്കുന്നത്.
ബാലുശേരിയിലെ ഇരുപതുകാരി വ്‌ളോഗര്‍ റിഫ മെഹ്‌നുവി (20) ദുബായില്‍ കഴിഞ്ഞ ദിവസമാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ആത്മഹത്യയെന്ന് സുഹൃത്തുക്കളില്‍ ഒരു വിഭാഗം പറയുമ്പോള്‍ വിശ്വസിക്കാന്‍ കുടുംബം തയ്യാറായിട്ടില്ല.
അതേ സമയം, റിഫ മെഹ്‌നുവിന്റെ അവസാനത്തെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബുര്‍ജ് ഖലീഫക്ക് മുന്നില്‍ നിന്ന് ഭര്‍ത്താവിനൊപ്പം മരണത്തിനും 20 മണിക്കൂര്‍ മുമ്പാണ് റിഫ സ്‌റ്റോറി പോസ്റ്റ് ചെയ്തത്. ഇതില്‍ റിഫ വളരെ സന്തോഷവതിയായാണ് കാണപ്പെടുന്നത്.
റിഫയെ ചൊവ്വ പുലര്‍ച്ചെയാണ് ദുബായ് ജാഫലിയ്യയിലെ ഫളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അരനാട്ടില്‍വീട്ടില്‍ റിഫ ഷെറിന്‍ എന്ന റിഫ ഭര്‍ത്താവിനൊപ്പമാണ് റിഫ മെഹ്നൂസ് എന്ന പേരില്‍ വ്‌ളോഗിങ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്നത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.
ഭര്‍ത്താവ് മെഹ്നാസിനൊപ്പം ആഴ്ചകള്‍ക്ക് മുമ്പാണ് റിഫ ദുബായിയിലെത്തിയത്. തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.