മോസ്‌കോ: പുടിനെ വിമര്‍ശിച്ചിരുന്ന റഷ്യന്‍ മോഡലായ ഗ്രെറ്റ വെഡ്‌ലറുടെ മൃതശരീരം സ്യൂട്ട്‌കേസിനുള്ളില്‍ നിന്നു കണ്ടെത്തി. ഒരു വര്‍ഷമായി ഇവരെ കാണാതായിരുന്നു. ഇരുപത്തിമൂന്നുകാരിയായ ഗ്രെറ്റയുടെ മുന്‍കാമുകനായ ദിമിത്രി കോറോവിനാണ് കൊലയാളിയെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പണം സംബന്ധിച്ച തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും കൊറോവിന്‍ കുറ്റസമ്മതം നടത്തി. ഗ്രെറ്റയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കൊറോവിന്‍, മൃതശരീരം മൂന്നു ദിവസം ഹോട്ടല്‍മുറിക്കുള്ളില്‍ സൂക്ഷിച്ചു. ഈ സമയത്ത് കൊറോവിനും ഇവിടെയാണു കഴിഞ്ഞത്.
ഇതിനു ശേഷം കൊറോവിന്‍ ഗ്രെറ്റയുടെ മൃതദേഹം പുതുതായി വാങ്ങിയ ഒരു സ്യൂട്ട്‌കേസ് പെട്ടിക്കുള്ളിലാക്കുകയും 450 കിലോമീറ്റര്‍ അകലെയുള്ള റഷ്യന്‍ മേഖലയായ ലിപെറ്റ്‌സ്‌കില്‍ എത്തിച്ച ശേഷം അവിടെ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിന്റെ ഡിക്കിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് ഒരു വര്‍ഷത്തോളം മൃതദേഹം ആ കാറില്‍ കിടന്നു. കഴിഞ്ഞ ദിവസമാണ് ഇതു കണ്ടെത്തിയത്. കൊല്ലപ്പെടുന്നതിന് ഒരു വര്‍ഷം മുമ്പാണ് ഗ്രെറ്റ വെഡ്‌ലര്‍ വ്‌ലാഡിമര്‍ പുടിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്.