ഷൊര്‍ണൂറിൽ ട്രെയിന്‍ ഇടിച്ച് പുഴയിൽ വീണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. സേലം അടിമലൈ പുത്തൂർ സ്വദേശി ലക്ഷ്മണിന്‍റെ മൃതദേഗമാണ് കണ്ടെത്തിയത്. ഇതോടെ മരിച്ച നാലുപേരുടെയും മൃതദേഹം കണ്ടെത്തി. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും. പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ട്രെയിൻ ഇടിയിൽ നിന്നും രക്ഷപ്പെടാൻ ലക്ഷ്മണൻ പാലത്തിൽനിന്ന് പുഴയിലേക്ക് ചാടുകയായിരുന്നെന്നാണ് വിവരം. ലക്ഷ്മണനെ കണ്ടെത്താൻ സ്കൂബാ ടീം ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല.
മരണപ്പെട്ട നാല് പേരും തമിഴ്‌നാട് സേലം സ്വദേശികളാണ്. കേരള എക്‌സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്. ട്രെയിൻ വരുന്നത് അറിയാതെ റെയിൽവേ ട്രാക്കിൽനിന്ന് മാലിന്യം പെറുക്കുന്നതിനിടെ നാലുപേരെയും ട്രെയിൻ ഇടിക്കുകയായിരുന്നു.
അതേസമയം, അപകടത്തിൽ കരാറുകാരനെതിരെ കേസെടുത്തു. ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. ശുചീകരണത്തിനായി എത്തിച്ച തൊഴിലാളികളുടെ സുരക്ഷ കരാറുകാരന്‍ ഉറപ്പാക്കിയില്ല എന്നാരോപിച്ചാണ് കേസ്.
ഇയാള്‍ക്ക് നല്‍കിയ കരാര്‍ റദ്ദാക്കിയതായി റെയില്‍വെ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്.