X

‘ഹനിയ്യയുടെ രക്തം ഒരിക്കലും പാഴാകില്ല’; ഇസ്രാഈലിന് മുന്നറിയിപ്പുമായി ഇറാൻ

ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ ഇസ്രാഈലിന് മുന്നറിയിപ്പുമായി ഇറാന്‍. അദ്ദേഹത്തിന്റെ രക്തം ഒരിക്കലും പാഴാകില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് നാസര്‍ ഖനാനി പറഞ്ഞു.

ഹനിയ്യയുടെ തെഹ്‌റാനിലെ രക്തസാക്ഷിത്വം ഇറാനും ഫലസ്തീനും അവരുടെ ചെറുത്തുനില്‍പ്പും തമ്മിലുള്ള അഭേദ്യമായ ബന്ധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹനിയ്യയുടെ കൊലപാതകത്തില്‍ ഇസ്രാഈല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ സൈനിക മുന്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് മൊഹ്‌സിന്‍ റഈസി മുന്നറിയിപ്പ് നല്‍കി.

ഇറാനിന് പുറത്തുനിന്നുള്ള മിസൈല്‍ ആക്രമണത്തിലാണ് ഹനിയ്യ കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രാദേശിക സമയം പുലര്‍ച്ച 2 മണിക്കാണ് ആക്രമണം ഉണ്ടാകുന്നത്. നഗരത്തിന്റെ വടക്ക് ഭാഗത്ത് വിമുക്ത സൈനികര്‍ക്കായുള്ള പ്രത്യേക വസതിയിലാണ് ഹനിയ്യയും അംഗരക്ഷകനുമുണ്ടായിരുന്നത്. രണ്ടുപേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുതിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇസ്മാഈല്‍ ഹനിയ്യ.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പിന്നില്‍ ഇസ്രാഈലെന്നാണ് ഹമാസ് ആരോപിക്കുന്നത്. സംഭവത്തില്‍ ഇറാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹനിയ്യയുടെ കൊലപാതകം ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. പ്രായോഗിക നേതാവ് കൂടിയായിരുന്ന അദ്ദേഹം സമാധാന ചര്‍ച്ചകളില്‍ സജീവമായിരുന്നു. കൂടാതെ ഫലസ്തീനിലെ എല്ലാ വിഭാഗം സംഘടനകളുമായും അദ്ദേഹം മികച്ച ബന്ധം പുലര്‍ത്തി.

ഹനിയ്യയെ കൊലപ്പെടുത്തിയത് ഭീരുത്വം നിറഞ്ഞ നടപടിയാണെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. കൊലപാതകത്തെ അപലിച്ച അദ്ദേഹം ഇത് ഭീരുത്വവും അപകടകരവുമായ സംഭവമാണെന്നും കുറ്റപ്പെടുത്തി. ഇസ്രാഈല്‍ അധിനിവേശത്തിന് മുന്നില്‍ ക്ഷമയും ദൃഢതയും പുലര്‍ത്താനും ഫലസ്തീനികളോട് ഒന്നിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ഹമാസിന്റെയും ഫലസ്തനീകളുടെയും ഇച്ഛാശക്തിയെ തകര്‍ക്കാനും വ്യാജ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും വേണ്ടിയാണ് ഇസ്രാഈല്‍ അധിനിവേശം ഇസ്മാഈല്‍ ഹനിയ്യയെ കൊലപ്പെടുത്തിയതെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് സാമി അബു സുഹ്‌രി പറഞ്ഞു. ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ അവര്‍ പരാജയപ്പെടും. ഹമാസ് ഒരു ഒരു വ്യക്തിയല്ല, അതൊരു ആശയവും പ്രസ്ഥാനവുമാണ്. ത്യാഗങ്ങള്‍ വകവെക്കാതെ ഹമാസ് ഈ പാതയില്‍ തുടരും. വിജയിക്കുമെന്നതില്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹനിയ്യയുടെ കൊലപാതക?ത്തില്‍ തുര്‍ക്കിയും അപലപിച്ചു. തെഹ്‌റാനില്‍ നടന്നത് ലജ്ജാകരമായ കൊലപാതകമാണ്. ഗസ്സയിലെ യുദ്ധത്തെ കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ ആക്രമണം. ഇസ്രാഈലിനെ ഇതില്‍നിന്ന് തടയാന്‍ അന്താരാഷ്ട്ര സമൂഹം ശ്രമിക്കുന്നില്ലെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈ ആക്രമണം ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനും ഹമാസിനും എതിരെ മാത്രമുള്ളതല്ല, ഇറാനെ കൂടി ലക്ഷ്യമിട്ടുള്ളതാണെന്ന് ഫലസ്തീനിലെ ഇസ്‌ലാമിക് ജിഹാദ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി മുഹമ്മദ് അല്‍ ഹിന്ദി പറഞ്ഞു. ഇസ്രായേല്‍ തകര്‍ച്ചയുടെ വക്കിലാണ്. അതിന്റെ പ്രതികരണങ്ങള്‍ ആശയക്കുഴപ്പവും ലക്ഷ്യങ്ങളൊന്നും നേടാനുള്ള കഴിവില്ലായ്മയും പ്രതിഫലിക്കുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇസ്രായേല്‍ ഇത്തരത്തിലുള്ള ചെറുത്തുനില്‍പ്പ് നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത രാഷ്ട്രീയ കൊലപാതകമാണെന്ന് റഷ്യന്‍ വിദേശകാര്യ സഹമന്ത്രി മിഖായേല്‍ ബോഗ്ദനോവ് പറഞ്ഞു. കൊലപാതകം കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഹനിയ്യയെ ലക്ഷ്യമിട്ടത് ഹീനമായ തീവ്രവാദ കുറ്റകൃത്യവും നിയമങ്ങളുടെയും ആദര്‍ശ മൂല്യങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്നും യെമനിലെ ഹൂതി നേതാവ് മുഹമ്മദ് അലി ഹൂതി പറഞ്ഞു.

അതേസമയം, മാലിന്യത്തില്‍നിന്ന് ലോകത്തെ ശുദ്ധീകരിക്കാനുള്ള യഥാര്‍ഥ മാര്‍ഗമാണിതെന്നാണ് ഇസ്രാഈല്‍ മന്ത്രി അമിചൈ എലിയഹു പറഞ്ഞു. ഇനി സാങ്കല്‍പ്പിക സമാധാന/കീഴടങ്ങല്‍ കരാറുകളില്ല. കരുണയുമുണ്ടാകില്ല. സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഇരുമ്പ് കരങ്ങളാണ് അവരെ ആക്രമിക്കുന്നത്. ഹനിയ്യയുടെ മരണം ഈ ലോകത്തെ കുറച്ചുകൂടി മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

webdesk13: