X

ഐ.എസ്.എല്‍ ആദ്യപാദ സെമിയില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷഡ്പൂരിനെതിരെ

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് മുതല്‍ സെമി യുദ്ധങ്ങള്‍. ഇരു പാദങ്ങളിലായി നടക്കുന്ന ആവേശപ്പോരാട്ടത്തിന്റെ തുടക്കത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പ്പൂര്‍ എഫ്.സിക്കെതിരെ കളത്തിലിറങ്ങുന്നു. നാളെ നടക്കുന്ന രണ്ടാം സെമി ആദ്യ പാദത്തില്‍ ഏ.ടി.കെ മോഹന്‍ ബഗാന്‍ ഹൈദരാബാദ് എഫ്.സിക്കെതിരെ കളിക്കുന്നു.

ഗോള്‍ മുഖത്ത് കോഴിക്കോട്ടുകാരന്‍ ടി.പി രഹനേഷും പ്രതിരോധത്തില്‍ കൊണ്ടോട്ടിക്കാരന്‍ അനസ് എടത്തൊടികയുമുള്ള ജംഷഡ്പ്പൂര്‍ സംഘത്തെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് എതിരിടുമ്പോള്‍ മുന്‍ത്തൂക്കം സ്റ്റീല്‍ സിറ്റിക്കാര്‍ക്ക് തന്നെയാണ്. ഇതാദ്യമായാണ് അവര്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമി കളിക്കുന്നതെങ്കിലും മിന്നും ഫോമിലാണ് ടീം.

അവസാന ലീഗ് പോരാട്ടത്തില്‍ ഏ.ടി.കെ മോഹന്‍ ബഗാനെ ഒരു ഗോളിന് വീഴ്ത്തി ലീഗ് ഷീല്‍ഡ് നേടിയ ടീമിനെതിരെ ബ്ലാസ്‌റ്റേഴ്‌സിന് മെച്ചപ്പെട്ട റെക്കോര്‍ഡുമില്ല. പക്ഷേ ഫുട്‌ബോളില്‍ എന്തും സാധ്യമാണ് എന്ന മുദ്രാവാക്യമാണ് കോച്ച് ഇവാന്‍ വുകുമനോവിച്ച് ഉയര്‍ത്തുന്നത്. ലീഗില്‍ 20 മല്‍സരങ്ങളില്‍ ഒമ്പതിലും ജയിച്ചു കയറാനായി. ഏഴ് കളികളില്‍ സമനില നേടിയപ്പോള്‍ നാല് മല്‍സരങ്ങളില്‍ മാത്രമാണ് പരാജയപ്പെട്ടത്. മുന്‍നിര തന്നെയാണ് മഞ്ഞപ്പടയുടെ കരുത്ത്.

എട്ട് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്ത ജോര്‍ജ് ഡയസ്, അല്‍വാരോ വാസ്‌ക്കസ് എന്നിവര്‍ക്കൊപ്പം കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ അഡ്രിയാന്‍ ലുനയും ചേരുമ്പോള്‍ ആരാധകര്‍ക്ക് ആവേശമാണ്. ടീമിന്റെ ഒമ്പത് വിജയത്തിലും ഈ മൂന്ന് പേര്‍ക്കും വ്യക്തമായ പങ്കുണ്ട്. അവസരവാദിയാണ് ലൂന. മനോഹരമായി മുന്നേറി കൂട്ടുകാര്‍ക്ക് പന്ത് നല്‍കുമ്പോള്‍ തന്നെ, സ്വന്തം സാധ്യതകളെ പ്രയോജനപ്പെടുത്തി ഗോളടിക്കാനും മിടുക്കന്‍. ഫ്രീകിക്ക് സ്‌പെഷ്യലിസ്റ്റ് എന്ന രീതിയില്‍ എണ്ണം പറഞ്ഞ ഗോളുകളും യുറഗ്വായ് താരത്തിന്റെ നാമധേയത്തിലുണ്ട്. വാസ്‌ക്കസും പെരേരയും ചേരുമ്പോള്‍ ജംഷഡ്പ്പൂര്‍ പ്രതിരോധത്തിന് അത് തലവേദനയാണ്. ഫോമിലെത്തിയാല്‍ ഇവരെ തളക്കാനാവില്ല. പക്ഷേ ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന് ജംഷഡ്പ്പൂരിനെ തോല്‍പ്പിക്കാനായിട്ടില്ല. ആദ്യ വട്ടം കണ്ടപ്പോള്‍ സമനിലയായിരുന്നു. രണ്ടാം വട്ടത്തില്‍ ജംഷഡ്പ്പൂരുകാര്‍ മൂന്ന് തവണയാണ് പന്ത് ഗില്‍ കാത്ത് ബ്ലാസ്റ്റേഴ്‌സ് വലയില്‍ എത്തിച്ചത്.

Test User: