ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ യോഗി മന്ത്രിസഭയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ സംഗീത് സോം താജ്മഹലിനെ കുറിച്ച് നടത്തിയ പ്രസ്താവന തന്ത്രത്തിന്റെ ഭാഗം. അടുത്ത മാസം നടക്കാനിരിക്കുന്ന യു.പി തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സോം പഴയ തന്ത്രം പൊടിതട്ടിയെടുത്ത് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗീയ ദ്രുവീകരണമെന്ന തന്ത്രം ഇതാദ്യമായല്ല സോം പുറത്തെടുക്കുന്നത്.
2014ല്‍ മഹാപഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ലൗജിഹാദ് പ്രചരണമായിരുന്നു സംഗിത് സോമിന്റേത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഹിന്ദുസ്ഥാനും പാകിസ്താനും തമ്മിലാണെന്നായിരുന്നു അദ്ദേഹം പ്രചരിപ്പിച്ചിരുന്നത്. മുസഫര്‍നഗര്‍ കലാപത്തിന്റെ സിഡികളും വീഡിയോ ക്ലിപ്പിങുകളും പ്രചരണത്തിനായി വ്യാപകമായി ഉപയോഗിക്കുകയും ചെയ്തു.
മുസഫര്‍ നഗര്‍ കലാപത്തില്‍ പ്രതിസ്ഥാനത്ത് ഉണ്ടായിരുന്ന ആള്‍ കൂടിയാണ് സംഗീത് സോം. 2015ല്‍ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ സംഘ്പരിവാറുകാര്‍ തല്ലിക്കൊന്നപ്പോള്‍ ജാതീയമായി ഇതിനെ പ്രതിരോധിക്കാനായി ബി.ജെ.പി ഹൈക്കമാന്റ് രംഗത്തിറക്കിയത് സംഗീത് സോം അടക്കം അഞ്ചു നേതാക്കളെയായിരുന്നു.
ഔദ്യോഗികമായി സംഗീത് സോമിന്റെ പ്രസ്താവനകളില്‍ നിന്നും ബി.ജെ.പി നേതൃത്വം അകലം പാലിക്കുന്നുണ്ടെങ്കിലും വിവാദങ്ങള്‍ക്ക് എണ്ണ പകരാന്‍ വേണ്ടി അദ്ദേഹത്തെ പാര്‍ട്ടി വിദഗ്ധമായി ഉപയോഗിക്കുന്നുണ്ടെന്നതാണ് വസ്തുത. താജ്മഹലിനെ കുറിച്ചുള്ള സംഗീത് സോമിന്റെ പ്രസ്താവനകളും സരയു തീരത്ത് 100 മീറ്റര്‍ ഉയരമുള്ള രാമ പ്രതിമ സ്ഥാപിക്കാനുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീരുമാനവും വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള ബി.ജെ.പിയുടെ ഒരുക്കങ്ങളായാണ് വിലയിരുത്തുന്നത്.
പല കാരണങ്ങള്‍ കൊണ്ടും ബി.ജെ.പി നേതൃത്വത്തിന് യു. പി തദ്ദേശ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. നവംബറില്‍ ഹിമാചല്‍, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തദ്ദേശ തെരഞ്ഞെടുപ്പ് മറ്റിടങ്ങളില്‍ ബാധിച്ചേക്കുമെന്ന് ബി. െജ.പി നേതൃത്വം ഭയപ്പെടുന്നു. ഇതിനു പുറമെ ആദിത്യനാഥിന്റെ മണ്ഡലമായ ഗോരക്പൂര്‍, ഉപമുഖ്യമന്ത്രിയുടെ മണ്ഡലമായ ഫു ല്‍പൂര്‍ എന്നിവിടങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിച്ചേക്കും. ഇതോടൊപ്പം എട്ടു മാസം പ്രായമായ യോഗി മന്ത്രിസഭ നേരിടുന്ന ആദ്യ വെല്ലുവിളി കൂടിയാണ് തദ്ദേശ തെരഞ്ഞെടുപ്പ്.
നോട്ട് അസാധുവാക്കലിന് പിന്നാലെ സംസ്ഥാന ഭരണം നേടിയ ബി.ജെ.പി യു.പി തെരഞ്ഞെടുപ്പ് വിജയമാണ് കേന്ദ്രത്തിന്റെ നോട്ട് അസാധുവാക്കല്‍ വിജയമെന്ന് സ്ഥാപിക്കാനായി ഇപ്പോഴും ഉന്നയിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ജി.എസ്.ടി വിജയമായി ഉന്നയിക്കാമെന്നും ബി.ജെ.പി നേതൃത്വം കണക്കു കൂട്ടുന്നു. കഴിഞ്ഞ ആഴ്ച കാണ്‍പൂരില്‍ നടന്ന ബി.ജെ.പിയുടെ സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള തയാറെടുപ്പുകള്‍ ചര്‍ച്ച ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും സംഗീത് സോമും വിവിധ പ്രസ്താവനകളുമായി എത്തിയതെന്നതും ശ്രദ്ധേയമാണ്. യൂണിവേഴ്‌സിറ്റികളിലെ തെരഞ്ഞെടുപ്പ് പരാജയത്തിനു പുറമെ ഗുരുദാസ്പൂര്‍, നന്ദേഡ് സിവിക് പോള്‍, വേങ്ങര ഉപതെരഞ്ഞെടുപ്പ് എന്നിവിടങ്ങളില്‍ ശക്തമായ തിരിച്ചടിയേറ്റ ബി. ജെ.പിക്ക് 2019ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് അണികളെ കൂടെ നിര്‍ത്തണമെങ്കില്‍ തെരഞ്ഞെടുപ്പ് വിജയം അനിവാര്യമാണ്. സംഗീത് സോമിനെ പോലെ യു.പിയിലെ തീവ്ര ഹിന്ദുത്വ വാദികളായ നേതാക്കളെല്ലാം യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയതോടെ തല്‍ക്കാലത്തേക്ക് നിശബ്ധത പാലിക്കുന്നുണ്ടെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇവര്‍ വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി രംഗത്തെത്താന്‍ സാധ്യതകള്‍ ഏറെയാണ്.