മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ യൂസുഫ് പഠാന് ഭൂമി കൈയേറ്റമാരോപിച്ച് നോട്ടീസ് അയച്ച് ഗുജറാത്തിലെ ബിജെപി ഭരണകൂടം. ബിജെപി ഭരിക്കുന്ന വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (വിഎംസി) ആണ് നോട്ടീസ് അയച്ചത്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വക ഭൂമി കൈയേറിയെന്നാണ് ആരോപണം.
ജൂണ്‍ ആറിന് പഠാന് നോട്ടീസ് നല്‍കിയ വിവരം വ്യാഴാഴ്ചയാണ് വിഎംസി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശീതള്‍ മിസ്ത്രി മാധ്യമങ്ങളെ അറിയിച്ചത്. 2012ല്‍ പഠാന് ഭൂമി വില്‍ക്കാനുള്ള വിഎംസിയുടെ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ നിരസിച്ചെങ്കിലും എം.പി കോമ്പൗണ്ട് മതില്‍ നിര്‍മിച്ച് സ്ഥലം കൈയേറിയെന്ന് മുന്‍ ബിജെപി കോര്‍പ്പറേറ്റര്‍ വിജയ് പവാര്‍ ആരോപിക്കുന്നു.
‘യൂസുഫ് പഠാനോട് എനിക്ക് വിരോധമൊന്നുമില്ല. തനദാല്‍ജ ഏരിയയിലെ ഒരു സ്ഥലം വിഎംസിയുടെ ഉടമസ്ഥതയിലുള്ള റെസിഡന്‍ഷ്യല്‍ പ്ലോട്ടാണ്. 2012ല്‍ പഠാന്‍ ഈ പ്ലോട്ട് വാങ്ങാന്‍ വിഎംസിയുമായി ബന്ധപ്പെട്ടിരുന്നു. അക്കാലത്ത് നിര്‍മാണത്തിലിരുന്ന അദ്ദേഹത്തിന്റെ വീട് ആ പ്ലോട്ടിനോട് ചേര്‍ന്നായിരുന്നു. ഒരു ചതുരശ്ര മീറ്ററിന് ഏകദേശം 57,000 രൂപയായിരുന്നു പഠാന്‍ വാഗ്ദാനം ചെയ്ത്’- പവാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘ആവശ്യം വിഎംസി അംഗീകരിക്കുകയും ജനറല്‍ ബോഡി യോ?ഗത്തില്‍ പാസാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്തിമ തീരുമാനമെടുക്കാന്‍ അധികാരമുള്ള സംസ്ഥാന സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല’- പവാര്‍ പറഞ്ഞു. ‘ആവശ്യം സര്‍ക്കാര്‍ നിരസിച്ചെങ്കിലും വിഎംസി പ്ലോട്ടിന് ചുറ്റും വേലി കെട്ടിയില്ല. എന്നാല്‍ പഠാന്‍ പ്ലോട്ടിന് ചുറ്റും കോമ്പൗണ്ട് ഭിത്തി നിര്‍മിച്ച് കൈയേറുകയായിരുന്നു. അതിനാല്‍, വിഷയത്തില്‍ അന്വേഷണം നടത്താന്‍ ഞാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു’- പവാര്‍ കൂട്ടിച്ചേര്‍ത്തു.
പത്താന് 978 ചതുരശ്ര മീറ്റര്‍ പ്ലോട്ട് വില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്ന കാര്യം സ്ഥിരീകരിച്ച മിസ്ത്രി, കൈയേറ്റം ആരോപിച്ച് പഠാന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു.
‘അടുത്തിടെ, അദ്ദേഹം ഒരു കോമ്പൗണ്ട് മതില്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. ഈ സാഹചര്യത്തില്‍ ജൂണ്‍ ആറിന് ഞങ്ങള്‍ പഠാന് നോട്ടീസ് അയയ്ക്കുകയും എല്ലാ കൈയേറ്റങ്ങളും നീക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഞങ്ങള്‍ രണ്ടാഴ്ച കാത്തിരിക്കും. അതിനു ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും. ഈ ഭൂമി വിഎംസിയുടേതാണ്. ഞങ്ങള്‍ അത് തിരിച്ചെടുക്കും’- മിസ്ത്രി വ്യക്തമാക്കി. പശ്ചിമബംഗാളിലെ ബഹാറംപൂരില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയാണ് നിലവില്‍ യൂസഫ് പഠാന്‍.