X

വെളിപ്പെടുത്താത്ത സ്രോതസ്സുകളില്‍ നിന്ന് ബി.ജെ.പിക്ക് ലഭിച്ചത് 2642.63 കോടി രൂപ

ന്യൂഡല്‍ഹി: 2019-20 സാമ്പത്തിക വര്‍ഷം രാജ്യത്തെ ദേശീയ പാര്‍ട്ടികള്‍ക്ക് അജ്ഞാത സ്രോതസ്സുകളില്‍ നിന്നും സംഭാവനയായി ലഭിച്ചത് 3,377.41 കോടി രൂപ. പാര്‍ട്ടികളുടെ ആകെ വരുമാനത്തിന്റെ 70.98 ശതമാനമാണിതെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) പറയുന്നു.

ഇതില്‍ 3377.41 കോടി രൂപ ഇലക്ട്രല്‍ ബോണ്ടുകളിലാടെയാണ് ലഭിച്ചത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം കേന്ദ്രത്തിലെ മുഖ്യഭരണകക്ഷിയായ ബി.ജെ.പിക്കാണ് ഇത്തരത്തിലുള്ള സംഭാവനകളുടെ ഏറിയ പങ്കും ലഭിച്ചത്. 2642.63 കോടി രൂപയാണ് ബി.ജെ.പിക്ക് അജ്ഞാത സ്രോതസ്സുകളില്‍ നിന്നും സംഭാവനയായി ലഭിച്ചത്. ഇത് ആകെ തുകയുടെ 78.24 ശതമാനം വരും.

മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് 526 കോടി രൂപയാണ് അജ്ഞാത സ്രോതസ്സുകളില്‍ നിന്നും ലഭിച്ചത്. കോണ്‍ഗ്രസിന്റെ വരുമാനത്തിന്റെ 15.57 ശതമാനമാണിത്. കോണ്‍ഗ്രസിന് പുറമെ എന്‍.സി.പി, സി.പി.ഐ, സി. പി. എം, ടി.എം.സി, ബി.എസ്.പി എന്നീ പാര്‍ട്ടികള്‍ക്കും സ്രോതസ്സ് വെളിപ്പെടുത്താത്ത സംഭാവനകള്‍ ലഭിച്ചിട്ടുണ്ട്. 2004-05 മുതല്‍ 2019-20 വരെ 14651.53 കോടി രൂപയാണ് പാര്‍ട്ടികള്‍ക്ക് അജ്ഞാത സ്രോതസ്സുകളിലൂടെ ലഭിച്ചത്. 20,000 രൂപക്ക് മേല്‍ ദേശീയ പാര്‍ട്ടികള്‍ പണമായി സംഭാവന വാങ്ങിയത് 3.18 ലക്ഷം രൂപ മാത്രമാണ്. അജ്ഞാത സ്രോതസ്സുകള്‍ എന്നത് പാര്‍ട്ടികള്‍ ആദായ നികുതി റിട്ടേണ്‍ നല്‍കുമ്പോള്‍ കാണിക്കുന്ന വരുമാനമാണ്.

പക്ഷേ 20,000 രൂപയില്‍ താഴെയുള്ള സംഭാവനകള്‍ക്ക് സ്രോതസ്സ് വ്യക്തമാക്കേണ്ടതില്ലാത്തതിനാല്‍ ഇവ വെളിപ്പെടുത്താത്ത വരുമാനമായാണ് കണക്കാക്കുക. ഇലക്ട്രല്‍ ബോണ്ടുകള്‍, കൂപ്പണുകള്‍, റിലീഫ് ഫണ്ട്, മറ്റു വരുമാനങ്ങള്‍, വൊളണ്ടിയര്‍മാരുടെ സംഭാവന, യോഗ സംഭാവന എന്നിവ സ്രോതസ്സ് വെളിപ്പെടുത്താത്ത വരുമാനങ്ങളില്‍ പെടും.

 

Test User: