ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വന്തം മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ ബിജെപി എംഎല്‍എയെ നാട്ടുകാര്‍ ഓടിച്ചുവിട്ടു. യൂപിയിലെ മുസഫര്‍നഗര്‍ മണ്ഡലത്തിലെ എംഎല്‍എയായ വിക്രം സിങ് സൈനിയെയാണ് നാട്ടുകാര്‍ ആട്ടിയോടിച്ചുവിട്ടത്. കുപിതരായ ആളുകള്‍ എംഎല്‍എയുടെ വാഹനത്തെ പിന്തുടരുകയും ബഹളംവയ്ക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച കാര്‍ഷിക നയങ്ങള്‍ ചൂണ്ടികാണിച്ചായിരുന്നു ആളുകളുടെ പ്രതിഷേധം.
അതേസമയം, എംഎല്‍എ ആള്‍ക്കൂട്ടത്തിന് നേരെ കയര്‍ത്തു സംസാരിച്ചു. പിന്നാലെ നാട്ടുകാരുടെ രോഷവും ശക്തമായി. അവസാനം കൈക്കൂപ്പി മാപ്പു പറഞ്ഞാണ് എംഎല്‍എ മടങ്ങിയത്. വിവാദ പ്രസ്താവനകള്‍കൊണ്ട് നിരവധി തവണ വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് വിക്രം സൈനി എംഎല്‍എ.