പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്വേഷ പരാമർശം നടത്തിയ ഗുജറാത്തിലെ ബനസ്‌കന്ദ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസിന് അട്ടിമറി ജയം. പാർട്ടി സ്ഥാനാർത്ഥി ജെനിബെൻ നഗാജി താക്കോർ 30406 വോ്ട്ടിനാണ് ബിജെപിയുടെ രേഖാബെൻ ചൗധരിയെ പരാജയപ്പെടുത്തിയത്.
ഒരു ദശാബ്ദത്തിന് ശേഷമാണ് ഗുജറാത്തിലെ ലോക്‌സഭാ സീറ്റിൽ കോൺഗ്രസ് വിജയം കണ്ടത്. ഇതോടെ 2014, 2019 തെരഞ്ഞെടുപ്പുകളിൽ ബിജെപി നടത്തിയ ക്ലീൻസ്വീപ്പ് ഇത്തവണ ആവർത്തിക്കാനായില്ല.
ബിജെപിയുടെ കോട്ടയായി അറിയപ്പെടുന്ന മണ്ഡലമായിരുന്നു ബനസ്‌കന്ദ. 2019ൽ 368,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാർത്ഥി പർബത് ഭായ് പട്ടേൽ ഇവിടെ നിന്ന് ജയിച്ചിരുന്നത്. താക്കോർ സമുദായത്തിന്റെ പിന്തുണ കൂടി കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയത്തിൽ നിർണായകമായി. ആകെ പോൾ ചെയ്ത വോട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് 671883 വോട്ടുകിട്ടി. 641477 വോട്ടു മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബനസ്‌കന്ദ മണ്ഡലത്തിൽ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസിനെതിരെ പോത്ത് പരാമർശം നടത്തിയത്. വിവാദമായ അനന്തരാവകാശ നികുതിയുമായി ബന്ധപ്പെടുത്തി, കോൺഗ്രസ് അധികാരത്തിലേറിയിൽ അവർ നിങ്ങളുടെ പോത്തിനെ വരെ മോഷ്ടിക്കും എന്നായിരുന്നു മോദിയുടെ പ്രസ്താവന.