ന്യൂഡല്‍ഹി: ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന പാര്‍ട്ടി വക്താക്കള്‍ക്കായി പുതിയ നയം രൂപീകരിക്കാന്‍ ബി.ജെ.പി.
ബി.ജെ.പി മുന്‍ വക്താക്കള്‍ പ്രവാചകനെ നിന്ദിച്ചു നടത്തിയ പ്രസ്താവന നയതന്ത്ര തലത്തില്‍ കേന്ദ്ര സര്‍ക്കാറിന് വന്‍ തിരിച്ചടിയായ സാഹചര്യത്തിലാണ് പുതിയ നടപടി.
ഇനി മുതല്‍ അംഗീകൃത വക്താക്കളും പാനലിസ്റ്റുകളും മാത്രമേ ടിവി ചര്‍ച്ചകളില്‍ പങ്കെടുക്കൂ. ആരെയൊക്കെ പങ്കെടുപ്പിക്കണമെന്ന കാര്യം പാര്‍ട്ടി മീഡിയ സെല്‍ ആയിരിക്കും തീരുമാനിക്കുക. മതങ്ങളെ കുറിച്ചോ, മത ചിഹ്നങ്ങളെ കുറിച്ചോ, മതവുമായി ബന്ധപ്പെട്ടവരെ കുറിച്ചോ വിമര്‍ശനങ്ങള്‍ ഉന്നയിക്കരുതെന്നും വക്താക്കള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്.
ചര്‍ച്ചകള്‍ ചൂടുപിടിച്ചാലും ഭാഷാ പ്രയോഗത്തില്‍ ശ്രദ്ധിക്കണമെന്നും പ്രകോപനപരമായ വാക്കുകള്‍ പറയരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.ചര്‍ച്ചകള്‍ക്കു പോകും മുമ്പ് വക്താക്കള്‍ ഏത് വിഷയത്തെ കുറിച്ചാണ് ചര്‍ച്ചയെന്ന് മനസിലാക്കി ഇക്കാര്യത്തില്‍ പാര്‍ട്ടി നയം മനസിലാക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ചര്‍ച്ചയുടെ വിഷയത്തില്‍ നിന്നും തെന്നിമാറി മറ്റു വിഷയത്തിലേക്ക് പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബി.ജെ.പിയുടെ രണ്ട് വക്താക്കളുടെ പ്രവാചക നിന്ദയില്‍ പ്രതിഷേധിച്ച് 15 രാജ്യങ്ങള്‍ ഇന്ത്യയെ പ്രതിഷേധം അറിയിച്ചിരുന്നു.ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ബഹിഷ്‌കരണമടക്കം നേരിടേണ്ടി വന്നതോടെയാണ് ബി.ജെ.പി പ്രശ്‌ന പരിഹാരത്തിന് ശ്രമം ആരംഭിച്ചത്.