ന്യൂഡല്‍ഹി: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള നീക്കം ഊര്‍ജിതമാക്കി ബി.ജെ.പി. ഇതിന്റെ ഭാഗമായി വിഷയം സജീവ ചര്‍ച്ചയില്‍ കൊണ്ടു വരുന്നതിന് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ശ്രമം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഏകസിവില്‍ കോഡ് നടപ്പാക്കണമെന്ന് ബി.ജെ.പി മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏക സിവില്‍ കോഡിന്റെ കരട് തയാറാക്കാന്‍ സംസ്ഥാനത്ത് ഉന്നത തല കമ്മിറ്റി രൂപീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കാര്‍ സിങ് ധാമി അറിയിച്ചു. ഏകീകൃത സിവില്‍ കോഡിന്റെ കരട് തയാറാക്കാന്‍ ഉന്നതതല വിദഗ്ധ സമിതി രൂപീകരിക്കാനുള്ള നിര്‍ദേശത്തിന് ആദ്യ മന്ത്രിസഭാ യോഗം തന്നെ അനുമതി നല്‍കിയതായി ധാമി ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. അടുത്തിടെ നടന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നതായിരുന്നു.
ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും പറഞ്ഞു. ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ നിര്‍ദേശത്തിന് പിന്നാലെയായിരുന്നു യു.പി ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന. ഇതിന്റെ ചുവടുപിടിച്ച് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും തിങ്കളാഴ്ച പ്രസ്താവനയിറക്കി. ഏക സിവില്‍കോഡ് ഒരു മികച്ച നീക്കമാണെന്ന് മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ പറഞ്ഞു. തീവ്ര ഹിന്ദുത്വം മുറുകെ പിടിക്കുന്ന അസം മുഖ്യമന്ത്രിയും സമാനമായ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കാന്‍ കമ്മിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ അജയ് പ്രതാപ് സിങ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന് കത്തയച്ചു. ബി.ജെ.പി പ്രകടന പത്രികയുടെ പ്രധാന ഭാഗമാണ് ഏക സിവില്‍ കോഡ് നടപ്പാക്കല്‍. ഇത് ഉടന്‍ തന്നെ നടപ്പിലാകുമെന്ന് കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ നടന്ന ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ സൂചന നല്‍കിയിരുന്നു.
സി.എ.എ, രാമക്ഷേത്രം, മുത്വലാഖ്, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍ തുടങ്ങിയ വിഷയങ്ങള്‍ പരിഹരിച്ചു. ഇനി ഏകീകൃത വ്യക്തി നിയമം നടപ്പാക്കാനുള്ള സമയമാണെന്ന് അമിത് ഷാ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഒരു പൈലറ്റ് പദ്ധതിയായി ഉത്തരാഖണ്ഡില്‍ ഏകീകൃത വ്യക്തിനിയമം നടപ്പാക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഏകീകൃത സിവില്‍ കോഡ് നടപ്പായാല്‍ വിവാഹം, വിവാഹ മോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ രാജ്യത്ത് പൊതു നിയമത്തിന് കീഴില്‍ വരും. ഈ വിഷയങ്ങളില്‍ മതാടിസ്ഥാനത്തില്‍ പ്രത്യേക സംവിധാനം ഉണ്ടാകില്ല. നിലവിലെ വ്യക്തി നിയമങ്ങള്‍ അസാധുവാകും.