X
    Categories: indiaNews

രാജ്യസഭയില്‍ ബി.ജെ.പിക്ക് 101 എം.പിമാര്‍

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി രാജ്യസഭാംഗങ്ങളുടെ എണ്ണത്തില്‍ സെഞ്ചുറി തികച്ച് ബി.ജെ.പി. നിലവില്‍ ബിജെപിക്ക് 101 അംഗങ്ങളാണുള്ളത്. ഇതോടെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ 100 അംഗങ്ങളെ തികയ്ക്കുന്ന ആദ്യ പാര്‍ട്ടിയായി ബി.ജെ.പി മാറി.

1988നു ശേഷം രാജ്യസഭയില്‍ ഒരു പാര്‍ട്ടിക്കും അംഗങ്ങളുടെ എണ്ണത്തില്‍ 100 കടക്കാനായിരുന്നില്ല. രാജ്യസഭയില്‍ ഒഴിവുവന്ന 13 സീറ്റുകളിലേക്ക് വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിലാണ് നാല് അംഗങ്ങളെ ജയിപ്പിച്ച് ബി.ജെ.പി 100 പിന്നിട്ടത്. അസം, ത്രിപുര, നാഗാലാന്‍ഡ് എന്നീ മൂന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും ഹിമാചല്‍ പ്രദേശില്‍നിന്നുമാണ് ബി.ജെ.പിയുടെ നാല് സ്ഥാനാര്‍ഥികള്‍ രാജ്യസഭയിലേക്ക് ജയിച്ചത്. ഇവര്‍ക്കു പുറമെ അസമില്‍ ബിജെപിയുടെ സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലിന്റെ ഒരു സ്ഥാനാര്‍ഥിയും വിജയിച്ചു.

ത്രിപുരയില്‍ സിപിഎം സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ച്, ബിജെപി സംസ്ഥാന പ്രസിഡന്റ് കൂടിയായ മാനിക് സാഹ രാജ്യസഭയിലെത്തി. സിപിഎമ്മിന് സിറ്റിങ് സീറ്റാണ് നഷ്ടമായത്. നാഗാലാന്‍ഡില്‍നിന്ന് ജയിച്ച ബിജെപി സ്ഥാനാര്‍ഥി എസ്.ഫന്‍ഗ്‌നോന്‍ കോന്യാക്, ഇവിടെനിന്ന് രാജ്യസഭയിലെത്തുന്ന ആദ്യ വനിതയായി ചരിത്രം കുറിച്ചു. സഖ്യകക്ഷിയായ എന്‍പിഎഫിന്റെ സിറ്റിങ് സീറ്റില്‍നിന്നാണ് ഇക്കുറി ബിജെപി ഇവിടെ ജയിച്ചത്. കടുത്ത മത്സരം നടന്ന അസമില്‍നിന്ന് ബിജെപിയുടെ പബിത്ര മര്‍ഗരീത്തയും സഖ്യകക്ഷിയായ യുപിപിഎലിന്റെ റ്വാന്‍ഗ്ര നര്‍സാരിയുമാണ് ജയിച്ചത്. ഇവിടെ 12 പ്രതിപക്ഷ എംഎല്‍എമാരുടെ വോട്ടുകൂടി ലഭിച്ചതോടെയാണ് എന്‍ഡിഎയുടെ രണ്ട് സ്ഥാനാര്‍ഥികള്‍ ജയിച്ചത്. സിറ്റിങ് രാജ്യസഭാ എം.പി കൂടിയായ കോണ്‍ഗ്രസിന്റെ റിപുന്‍ ബോറ തോറ്റു. ഇദ്ദേഹത്തിന്റെ കാലാവധി ഏപ്രില്‍ 2ന് അവസാനിക്കും. ഈ തിരഞ്ഞെടുപ്പോടെ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള 14 രാജ്യസഭാ സീറ്റുകളില്‍ 13ഉം ബി.ജെ.പി നയിക്കുന്ന എന്‍ഡിഎയുടെ കൈവശമായി. അസമിലെ ഒരു സീറ്റ് സ്വതന്ത്രന്റെ കൈവശമാണ്. രാജ്യസഭയുടെ ചരിത്രത്തില്‍ ആദ്യമായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് കോണ്‍ഗ്രസിന് ഒരു അംഗം പോലുമില്ലാതായി.

രാജ്യസഭയില്‍ ബി.ജെ.പിയുടെ അംഗസംഖ്യ 100 കടന്നതോടെ, ഈ വര്‍ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടക്കുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേട്ടമുണ്ടാക്കാനാകില്ല.

Test User: