തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വൈകിയതിന്‍റെ ഉത്തരവാദി സാംസ്കാരിക വകുപ്പ് മന്ത്രിയാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. റിപ്പോർട്ട് പുറത്തുവിടാൻ വൈകിയതിലൂടെ ഇരയാക്കപ്പെട്ടവർക്ക് ലഭിക്കേണ്ട നീതി നാലരക്കൊല്ലം തടഞ്ഞുവെച്ചു. അദ്ദേഹം സംഘടിപ്പിക്കുന്ന കോൺക്ലേവിൽ പങ്കെടുക്കില്ല. കോൺക്ലേവ് തട്ടിക്കൂട്ട് പരിപാടിയാണ്. തങ്ങൾ മുന്നോട്ടുവെച്ച ധാർമിക മൂല്യം മനസിലാക്കാൻ കഴിഞ്ഞെങ്കിൽ മുകേഷ് പൊതുപ്രവർത്തനത്തിൽനിന്ന് വിട്ടുനിൽക്കണമെന്നും ‘അമ്മ’ ഭരണസമിതിയിൽനിന്ന് രാജിവെച്ച ശേഷം ജോയ് മാത്യു മാധ്യമങ്ങളോട് പ്രതികരിച്ചു.
ആരുടേയും നിർബന്ധത്തിന് വഴങ്ങിയില്ല രാജി. ആരോപണവിധേയരായവർ പുറത്ത് പോകണം അത് ധാർമികമായ മാർതൃകയാണ് കാണിച്ചിരിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു. സ്ത്രീകൾക്ക് അമ്മയിൽ മുൻഗണന ഉണ്ട്. എന്നെയും തെരഞ്ഞെടുത്തത് അംഗങ്ങളാണ്. ജോമോൾ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് അവരുടെ ഭാഗത്ത് നിന്നും ഉണ്ടായ പിഴവാണെന്നും ജോയ്‌മാത്യു പറഞ്ഞു.
ഞങ്ങൾ മുന്നോട്ടുവെച്ച ധാർമിക മൂല്യം മനസിലാക്കാൻ കഴിഞ്ഞെങ്കിൽ മുകേഷ് പൊതുപ്രവർത്തനത്തിൽനിന്ന് വിട്ടുനിൽക്കണം. അതിന് മുമ്പ് മറ്റാരെങ്കിലും രാജിവെച്ചില്ല എന്ന ന്യായം നിരത്തുകയല്ല വേണ്ടത്. നമ്മൾ വ്യത്യസ്തരാവുകയല്ലേ വേണ്ടത്. മുകേഷിനോട് അദ്ദേഹത്തിന്‍റെ പാർട്ടിക്കാരാണ് ഇക്കാര്യം ആവശ്യപ്പെടേണ്ടത്.
ഭാരവാഹിത്വത്തിൽനിന്ന് രാജിവെച്ചവരാരും ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നില്ല. സംഘടനയിൽനിന്നല്ല, ഭരണ സമിതിയിൽനിന്നാണ് ഞങ്ങൾ രാജിവെച്ചത്. അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ സംഘടനക്കുള്ളിൽനിന്ന് പോരാടണമെന്നാണ് നിലപാട്. തെരഞ്ഞെടുക്കപ്പെട്ട് വന്നവരാണ് ഞങ്ങൾ. രാജി വെക്കുമ്പോൾ ‘അമ്മ’യുടെ പല കലാ പ്രവർത്തനങ്ങളും പെട്ടെന്ന് നിന്നതിൽ വിഷമമുണ്ട്. എല്ലാവരും ഒരുമിച്ചാണ് രാജിവെക്കാനുള്ള തീരുമാനം സ്വീകരിച്ചത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.