ദുബൈ: എണ്ണിക്കോ, ഇന്ന് മുതല്‍ സിക്‌സറുകള്‍… ബൗണ്ടറികള്‍…. ദുബൈ സ്‌റ്റേഡിയം ചെറുതാണ്… ഷാര്‍ജാ സ്‌റ്റേഡിയം അതിലേറെ ചെറുതാണ്… അബുദാബിയിലും ഒമാനിലുമെല്ലാം കൊച്ചു കളിമുറ്റങ്ങള്‍. അതിനാല്‍ ഇന്ന് മുതല്‍ സിക്‌സര്‍ പൂരമായിരിക്കുമെന്നുറപ്പ്. ഐ.സി.സിയുടെ ലോകകപ്പിന് അരങ്ങുണരുന്നത് അബുദാബിയില്‍. ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് 3-30 ന് മുഖാമുഖം വരുന്നത് വെടിക്കെട്ടുകാര്‍ തന്നെ. ഓസട്രേലിയയും ദക്ഷിണാഫ്രിക്കയും. ആ ഉല്‍സവം കഴിഞ്ഞയുടന്‍ തന്നെ രണ്ടാം വെടിക്കെട്ട്. അത് ദുബൈയിലാണ്. ഇംഗ്ലണ്ടിനെതിരെ ക്രിസ് ഗെയിലിന്റെ വിന്‍ഡീസ്. നവംബര്‍ 14 വരെ ദീര്‍ഘിക്കുന്ന കുട്ടി ക്രിക്കറ്റിലെ മഹാമേളയില്‍ എത്ര സിക്‌സര്‍ പിറക്കുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കും കഴിയാത്ത അവസ്ഥയാണ്.
ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ വര്‍ഷം നടക്കേണ്ട ലോകകപ്പായിരുന്നു ഇത്. അത് കോവിഡില്‍ ഇന്ത്യയിലേക്ക് മാറ്റി. അതേ കോവിഡില്‍ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലെത്തി. മണലാരണ്യ രാജ്യങ്ങളില്‍ കോവിഡ് വലിയ ഭീതി പരത്താത്ത സാഹചര്യത്തില്‍ മല്‍സരങ്ങളെ വൈറസ് ബാധിക്കില്ല എന്നാണ് വിശ്വാസം. എങ്കിലും അതിശക്തമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും മല്‍സരങ്ങള്‍. ടീമുകളെല്ലാം ബയോ ബബിളില്‍ തന്നെ. പുറത്ത് നിന്ന് ആര്‍ക്കും ടീമുകള്‍ താമസിക്കുന്ന ഹോട്ടലില്‍ പ്രവേശനമില്ല.സ്‌റ്റേഡിയങ്ങള്‍ ചെറുതാണെങ്കിലും സ്‌ക്കോറുകള്‍ 200 കടക്കുമോ എന്നതാണ് ചോദ്യം. ഈയിടെ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരങ്ങളില്‍ ഇതേ സ്‌റ്റേഡിയങ്ങളില്‍ വലിയ സ്‌ക്കോര്‍ സമ്പാദിക്കാന്‍ ആര്‍ക്കുമായിരുന്നില്ല. 200 എന്ന സ്‌ക്കോറിലേക്ക് ആരുമെത്തിയില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് ഫൈനലില്‍ 182 വരെയെത്തിയത്.
പിച്ചുകള്‍ ബാറ്റ്‌സ്മാന്മാരെ വഴി വിട്ട് തുണക്കുന്നില്ല എന്നത് തന്നെയാണ് വലിയ സ്‌ക്കോര്‍ തടയുന്നത്. ഷാര്‍ജ പോലെ പഴയ വേദിയില്‍ കൂറ്റന്‍ ഷോട്ടുകള്‍ സാധ്യമാവുന്നില്ല. പ്രത്യേകിച്ച് രാത്രി മല്‍സരങ്ങളില്‍. സ്പിന്നര്‍മാര്‍ക്ക് മേല്‍ക്കൈ ലഭിക്കുന്നതാണ് ദുബൈയിലെയും സാഹചര്യങ്ങള്‍. ഒമാനിലും അബുദാബിയിലുമെല്ലാം സ്പിന്നര്‍മാര്‍ക്ക് മുഖ്യ പങ്ക് വരുമ്പോള്‍ പവര്‍ പ്ലേ ഓവറുകള്‍ തന്നെയായിരിക്കും നിര്‍ണായകമായി മാറുക. തുടക്കത്തില്‍ ലഭിക്കുന്ന സ്‌ക്കോറുകള്‍ നിര്‍ണായകമായി മാറും. എല്ലാ ടീമുകളിലും കിടിലന്‍ ഓപ്പണര്‍മാരുമുണ്ട്.
ഇന്ന് ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ എതിരിടുമ്പോള്‍ രണ്ട് സംഘത്തിലും അതിമനോഹരമായി പന്തിനെ അതിര്‍ത്തി കടത്തുന്നവരുണ്ട്. ഓസീസ് സംഘത്തില്‍ നായകന്‍ അരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ്് സ്‌റ്റോനിസ്, മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് എന്നിവരെല്ലാമുള്ളപ്പോള്‍ ടെംബ ബവുമയുടെ ദക്ഷിണാഫ്രിക്കന്‍ സംഘത്തിലും പന്തിനെ പറത്താന്‍ പലരുമുണ്ട്. ഇംഗ്ലണ്ട്-വിന്‍ഡീസ് രണ്ടാം മല്‍സരത്തിലാണ് കൂറ്റനടിക്കാരുടെ താണ്ഡവം. ക്രിസ് ഗെയില്‍ എന്ന 42 കാരനില്‍ തുടങ്ങുന്ന കരിബീയന്‍ കരുത്ത്. ആന്ദ്രെ റസലും കിരണ്‍ പൊലാര്‍ഡുമെല്ലാം വേറെ. ഇംഗ്ലീഷ് സംഘത്തിലാണ് ജാസോണ്‍ റോയിയും ജോണി ബെയര്‍സ്റ്റോയും മോയിന്‍ അലിയുമെല്ലാം. ഏത് വെടിക്കെട്ടുകാരെയും വരച്ച വരയില്‍ നിര്‍ത്താന്‍ പ്രാപ്തരായി സീമര്‍മാരും സ്പിന്നര്‍മാരും സജീവമാവുമ്പോഴാണ് ഇത്തവണ എല്ലാവര്‍ക്കും പിന്തുണ ലഭിക്കുന്ന മല്‍സരവേദിയായി ലോകകപ്പ് മാറുന്നത്.