X

ലോകകപ്പ് നല്‍കുന്ന വലിയ സന്ദേശം

സ്വിദ്ദീഖ് നദ്‌വി ചേരൂര്‍

കളിയെ കളിയായും കാര്യത്തെ കാര്യമായും കാണണമെന്ന പക്ഷത്താണ് ഈ കുറിപ്പുകാരനും. എന്നാല്‍ കളിയില്‍ നിന്നുരുത്തിരിയുന്ന ചില കാര്യങ്ങളെ കാണാതിരുന്നുകൂടാ. ലോകകപ്പിന് ആതിഥേയത്വം അരുളാന്‍ ഖത്തര്‍ മുന്നോട്ട് വന്നപ്പോള്‍ അതിനെ എതിര്‍ക്കാനും അതിന് വേണ്ടി വിനിയോഗിക്കുന്ന ഭീമന്‍ തുകയുടെ സാംഗത്യം ചോദ്യംചെയ്യാനും പലരും മുന്നോട്ട് വന്നിരുന്നു. അതേസമയം ഖത്തര്‍ തങ്ങള്‍ക്കിത് കേവലം കളി മാത്രമല്ല; രാഷ്ട്രീയ സാമ്പത്തിക സാമൂഹിക രംഗങ്ങളില്‍ നിര്‍ണായക വഴിത്തിരിവാകാന്‍ പോകുന്ന സുപ്രധാന അന്തര്‍ദേശീയ സംഭവമെന്ന നിലക്കാണതിനെ കണ്ടതും അതിന്‌വേണ്ടി കരുക്കള്‍ നീക്കിയതും.

പിന്നീട് പാശ്ചാത്യരുടെ ഭാഗത്ത് നിന്നുണ്ടായ വിവാദ കോലാഹലങ്ങള്‍ കണ്ടപ്പോള്‍ ഈ കൊച്ചു രാജ്യം, അതും വര്‍ത്തമാന ലോകത്ത് വലിയ അയോഗ്യതയായി ഗണിക്കപ്പെടുന്ന അറബ് ഇസ്‌ലാമിക മുദ്രകള്‍ പേറി നടക്കുന്ന മധ്യപൗരസ്ത്യ രാജ്യം ചരിത്രത്തില്‍ ആദ്യമായി ഇങ്ങനെയൊരവകാശം നേടിയെടുക്കാനായി എങ്ങനെ വേള്‍ഡ് കപ്പ് സംഘാടകരെ അനുകൂലമാക്കി യെടുത്തുവെന്നത് ആശ്ചര്യപ്പെടുത്തുന്ന ചോദ്യമാണ്. എന്ത് മാന്ത്രിക വിദ്യയാകും ഇതിനായവര്‍ പ്രയോഗിച്ചതെന്ന കാര്യത്തില്‍ ഒരു തുമ്പും കിട്ടുന്നില്ല.

എന്നാല്‍ അവര്‍ കണക്കുകൂട്ടിയത് പോലെ തന്നെ കാര്യങ്ങള്‍ നടന്നു. ആതിഥ്യം നല്‍കാനുള്ള അവസരം അവര്‍ നേടിയെടുത്തുവെന്ന് മാത്രമല്ല; അതിന് ശേഷമുള്ള ഓരോ ചലനങ്ങളും സംവിധാനങ്ങളും എത്ര ആസൂത്രിതമായും ദൂരക്കാഴ്ചയോടെയും വിദഗ്ധമായും അവര്‍ കരുക്കള്‍ നീക്കിയെന്ന് വ്യക്തമാക്കുന്നു. തങ്ങളുടെ കൊച്ചു രാജ്യത്തെ അന്താരാഷ്ട്ര സമൂഹത്തിന്റെ പരിച്ഛേദമായി മാറുന്ന സമ്പര്‍ക്കത്തിന് തുറന്നുകൊടുക്കുമ്പോള്‍ അവര്‍ കണക്കുകൂട്ടിയ പലതും അവര്‍ നേടിയെടുത്തു കൊണ്ടിരിക്കുന്നു. എതിര്‍പ്പുമായി രംഗത്തിറങ്ങിയ പലരും പത്തി മടക്കി. കളി ആരംഭിച്ചു ഇത്രയും ആഴ്ചകള്‍ പിന്നിട്ടിട്ടും ആതിഥ്യം അരുളാനുള്ള തങ്ങളുടെ അര്‍ഹതയെ ചോദ്യംചെയ്യുന്ന തരത്തിലുള്ള ഒരു പ്രതികൂല ഘടകമോ അപശബ്ദമോ ഉയര്‍ന്നുവന്നില്ല. മാത്രമല്ല, കളിക്ക് വേണ്ടി തങ്ങളുടെ മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാനും അവര്‍ തയ്യാറായില്ല. ഒരു അറബ് മുസ്‌ലിം രാജ്യത്താണ് തങ്ങളുള്ളതെന്ന് അതിഥികളെ അടിക്കടി ഓര്‍മിപ്പിക്കുന്ന പരമാവധി മുദ്രകള്‍ അവര്‍ നിലനിര്‍ത്തി. സാധാരണഗതിയില്‍ കളിയുടെ അനിവാര്യതയായി ഗണിക്കപ്പെട്ടിരുന്ന ലഹരിയും കൂത്താട്ടവും നിയന്ത്രിച്ചു. അതിന്റെ പേരില്‍ വിമര്‍ശനങ്ങളേക്കാള്‍ കൂടുതല്‍ സ്ത്രീകളില്‍നിന്നും മറ്റും അഭിനന്ദനങ്ങാണവര്‍ നേരിട്ടത്.

മറ്റൊരു കാര്യം തങ്ങളുടെ മതപരമായ പ്രബോധന സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് മാത്രമല്ല, പാശ്ചാത്യ പൗരസ്ത്യന്‍ സമ്പര്‍ക്കത്തിലൂടെ ഇരു സംസ്‌കാരങ്ങള്‍ക്കിടയില്‍ ഭാവിയില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള വലിയൊരു പാരസ്പര്യംകൂടി ഇവിടെ തെളിഞ്ഞു കാണുകയാണ്. ഇന്ന് ഏറ്റവും അധികം ആവശ്യമായിരിക്കുന്നത് ഓരോ വിഭാഗങ്ങളും അടുത്തറിയാനും നേരില്‍ മനസ്സിലാക്കാനുമുള്ള അവസരങ്ങളാണ്. ഇക്കാര്യത്തില്‍ ശ്രദ്ധേയമായ കാല്‍വെപ്പാണ് ഖത്തര്‍ ലോകകപ്പിലൂടെ സാധിച്ചതെന്ന് തീര്‍ത്തുപറയാം.

മുമ്പ് കുരിശുയുദ്ധ പരമ്പരയിലൂടെ കഷ്ട നഷ്ടങ്ങള്‍ ഏറെയുണ്ടായെങ്കിലും അത്‌വഴി അന്യോന്യം അടുത്ത് മനസ്സിലാക്കാന്‍ സാധിച്ചതാണ് ഒട്ടേറെ ഓറിയന്റലിസ്റ്റുകളെ ഇസ്‌ലാം അനുകൂല പഠനങ്ങളിലേക്ക് നയിച്ചതെന്ന് പിന്നീട് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. മൊറോക്കോ പോര്‍ച്ചുഗലിനെതിരെ വിജയം വരിച്ചതും തുടര്‍ന്ന് മൊറോക്കന്‍ കളിക്കാര്‍ കാണിച്ച പ്രതികരണങ്ങളും ലോകം കേട്ടും കണ്ടും പരിചയിച്ച പല ദൃശ്യങ്ങളെയും നിരാകരിക്കുന്നുണ്ട്. ആഭാസകരമായ പല അഴിഞ്ഞാട്ടങ്ങള്‍ക്കും പകരം പാരമ്പര്യമൂല്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയുള്ള അവരുടെ പ്രകടനങ്ങള്‍ വലിയ തിരുത്തല്‍ ശക്തിയായി ഉയരാനുള്ള സാധ്യത കാണുന്നു. ബിയര്‍ കുപ്പിയും പൊക്കിപ്പിടിച്ചു കാമുകിമാരുമൊത്തുള്ള മാദക നൃത്തങ്ങള്‍ക്ക്പകരം ദൈവത്തിന് മുന്നില്‍ ശിരസ്സ് നമിക്കുന്നതും മാതാവിനെ മാറോടണച്ചു പിടിച്ചു വിശുദ്ധ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകള്‍ തീര്‍ക്കുന്നതും ഈ ഉത്തരാധുനിക യുഗത്തില്‍ നിസ്സാര കാര്യങ്ങളല്ല. കൂടാതെ കളിക്കളത്തിലെ വമ്പന്‍മാരെ മലര്‍ത്തിയടിച്ചു, പാശ്ചാത്യന്‍ കുത്തകയെ വെല്ലുവിളിച്ചു സെമി ഫൈനലിലേക്ക് ഒരു ആഫ്രിക്കന്‍ അറബ് മുസ്‌ലിം രാജ്യം കടന്നുവരാന്‍ യോഗ്യത നേടിയതും ഏറെ ശ്രദ്ധേയും ഭാവിയിലേക്കുള്ള ശക്തമായ ചൂണ്ടുപലകയുമാണ്.

പാശ്ചാത്യര്‍ വലിയ അധീശത്വവും അപ്രമാദിത്തവും പുലര്‍ത്തുന്ന മേഖലയിലും കടന്നുചെന്ന് തങ്ങള്‍ക്കവരെ വെല്ലുവിളിക്കാന്‍ കഴിയുമെന്ന് അധ:കൃതരും അധഃസ്ഥിതരുമായി ഗണിക്കപ്പെടുന്ന ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളിലെ കൊച്ചു ദേശങ്ങള്‍ തെളിയിക്കുന്നത് ഈ കളിയിലെ വലിയ കാര്യമായി തന്നെ വിലയിരുത്തേണ്ടതുണ്ട്. വമ്പന്‍മാരുടെ ഹുങ്കിന് തിരിച്ചടി ലഭിക്കുമ്പോള്‍ അതേത് മേഖലയില്‍ നിന്നാകട്ടെ പതിതര്‍ക്ക് ലഭിക്കുന്ന ആശ്വാസവും ആത്മവിശ്വാസവുമുണ്ടല്ലോ, അതായിരിക്കട്ടെ, ഈ ലോകകപ്പ് നല്‍കുന്ന വലിയ സന്ദേശം.

Test User: